പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍പിള്ള; തൃശൂരില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാരണയാകുന്നു. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ശ്രീധരന്‍പിള്ളയുടെ ആവശ്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു. ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി തിരിച്ചെടുക്കും. അങ്ങനെ കെ സുരേന്ദ്രന്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് സൂചന. പാലക്കാട് ലഭിക്കാത്ത പക്ഷം മത്സരത്തില്‍ നിന്നും പിന്മാറാനാണ് ശോഭാ സുരേന്ദ്രന്റെ തീരുമാനം.

തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്കാണ് കൂടിക്കാഴ്ച. തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്നാണ് വിവരം. അതേസമയം, എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എം പിയെ എറണാകുളത്ത് മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല കെ വി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. ആദ്യവട്ടചര്‍ച്ച ഉച്ചയ്ക്കാണ് നടന്നത്. തുടര്‍ന്ന്, കേന്ദ്ര തെരഞ്ഞെടുപ്പുസമിതി യോഗത്തിലും ചര്‍ച്ച തുടര്‍ന്നു.പി എസ് ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എം പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top