ജോസഫിനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി

പി ജെ ജോസഫിനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് കോണ്‍ഗ്രസ്സിലെ സംഘടനാപരമായ പ്രതിസന്ധിയാണ് വ്യക്തമാക്കുന്നതെന്നും കഴിവുള്ള നേതൃത്വം കേരളത്തില്‍ കോണ്‍ഗ്രസ്സിനില്ലെന്നും കോടിയേരി ആരോപിച്ചു. ബി.ജെ.പിയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇരുനൂറിലധികം നേതാക്കന്‍മാര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി യിലേക്ക് പോയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Read Also: ജോസഫ് പാര്‍ട്ടി വിട്ടാല്‍ മുന്നണിയിലെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരി

സ്ഥാനാര്‍ഥികളെ നിശ്ചയിച്ച പലയിടത്തും കോണ്‍ഗ്രസ്സിനുള്ളില്‍ കലാപം നടക്കുകയാണ്. രാഷ്ട്രീയപരമായും സംഘടനാപരമായും കോണ്‍ഗ്രസ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ദേശീയ തലത്തില്‍ സോണിയാ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തിയവരെയെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തെളിവാണ് ടോം വടക്കന്റെയും കെ.വി.തോമസിന്റെയും അവസ്ഥയെന്നും കോടിയേരി പറഞ്ഞു.ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി അടിപിടി കൂടുന്നത് പണമുണ്ടാക്കുന്നതിന് വേണ്ടിയാണെന്നും വടകരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പി യു.ഡി.എഫിന്റെ ‘ബി’ ടീമാണെന്നും കോടിയേരി ബാലകൃഷ്ണന്‍  വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top