Advertisement

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍; സംഭവം മഞ്ചേരിയില്‍

March 17, 2019
Google News 0 minutes Read

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍. മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൃതദേഹത്തോട് അനാദരവ്. ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്

കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളെജില്‍വെച്ച് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. എന്നാല്‍ ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല.

സമീപത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശമില്ലായിരുന്നു. കാര്‍ കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു അവരുടെ മറുപടി.

ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ചന്ദ്രകലയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സഹായ അഭ്യര്‍ത്ഥനയുമായി കണ്ടു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ഉണ്ടായത്. ഇതോടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റുകയായിരുന്നു.

അതേസമയം, സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്നും വ്യകതമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here