ബിജെപി സാധ്യതാ പട്ടികയില്‍ ടോം വടക്കനും; ചാലക്കുടിയില്‍ മത്സരിച്ചേക്കുമെന്ന് സൂചന

സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയാകും. തിരുവന്തപുരത്ത് കുമ്മനവും, തൃശൂരില്‍ കെ സുരേന്ദ്രനും, ആറ്റിങ്കലില്‍ ശോഭ സുരേന്ദ്രനും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ടോം വടക്കനും സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. ചാലക്കുടിയില്‍ നിന്നും ടോം വടക്കന്‍ മത്സരിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.

ഇന്നലെവരെ ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തന്നെ അനുവദിക്കണമെന്ന നിലപാടില്‍ പിള്ള ഉറച്ച് നിന്നതോടെ ദേശീയ നേതൃത്വം തീരുമാനം മാറ്റുകയായിരുന്നു. കെ സുരേന്ദ്രന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകും. ബിഡിജെഎസിനു നിശ്ചയിച്ചിരുന്ന സീറ്റായിരുന്നു തൃശൂരിലേത്. തൃശൂര്‍ ഏറ്റെടുക്കുകയാണെന്ന വിവരം ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്.

Read more: ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലാകും മത്സരിക്കുക. സി കൃഷ്ണകുമാര്‍ പാലക്കാടും സ്ഥാനാര്‍ത്ഥിയാകും. പി കെ കൃഷ്ണദാസിനു കോഴിക്കാട് മണ്ഡലം നല്‍കും. കൃഷ്ണദാസ് തയ്യാറാകാത്ത പക്ഷം കോഴിക്കോടില്‍ എം ടി രമേശിനെ പരിഗണിക്കും. കൊല്ലത്ത് സി വി ആനന്ദ് ബോസൊ, ശ്യാം കുമാറോ, അഡ്വക്കേറ്റ് രാജേന്ദ്രനോ സ്ഥാനാര്‍ത്ഥിയാകും കാസര്‍ഗോഡ് യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു, കണ്ണൂരില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍, വടകരയില്‍ വി കെ സജീവന്‍, പൊന്നാനിയില്‍ മഹിളാ മോര്‍ച്ചാ നേതാവ് വി ടി രമ, മലപ്പുറത്ത് വി ഉണ്ണികൃഷ്ണന്‍, ആലപ്പുഴയില്‍ ബി ഗോപാലകൃഷ്ണന്‍, കോട്ടയത്ത് പി സി തോമസ്, മാവേലിക്കരയില്‍ പി സുധീര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയായി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, അവസാന നിമിഷത്തെ ചര്‍ച്ചകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top