വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു; രാഹുല്‍ഗാന്ധിക്ക് സന്ദേശപ്രവാഹം

mullappally ramachandran

വടകരയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്കയുള്ളതായി  മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളടക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്നും  വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കെപിസിസി, ഐഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Read Also: കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടെന്ന് സുധീരന്‍

അതേ സമയം മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ വടകരയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്,യുഡിഎഫ് നേതാക്കളുടെ സന്ദേശപ്രവാഹം തുടരുകയാണ്. വടകരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍എംപി യും കരുത്തനായ സ്ഥാനാര്‍ത്ഥി വടകരയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  പി ജയരാജനെ പോലെയുള്ള ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രാദേശികമായും വലിയ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്.

വടകര മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന വിദ്യാ ബാലകൃഷ്ണനെതിരെ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വടകരയില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും വടകരയില്‍ വിദ്യാ ബാലകൃഷ്ണന്‍ വേണ്ടെന്നുമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ജയരാജന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം പുന:പരിശോധന നടത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റ്യാടിയിലാണ് ഇന്നു രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വടകരയില്‍ പി ജയരാജനെ പോലെയുള്ള ശക്തനായ എതിരാളിയോട് മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കണമെന്ന നിലപാടിലാണ് വടകരയിലെ  കോണ്‍ഗ്രസ് നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പ് വന്നതോടെ ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നീക്കമാരംഭിച്ചിരുന്നു. വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടെങ്കിലും ബിന്ദു കൃഷ്ണ ഇതിന് തയ്യാറായില്ലെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ വടകരയില്‍ യുഡിഎഫ് ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top