തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചരണ പരിപാടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചാരണ പരിപാടികൾ വിലക്കി മുഖ്യമന്ത്രി. തിരുവനന്തപുരത്തു ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കഴിഞ്ഞയാഴ്ച നടക്കേണ്ട ജില്ലാ റാലികൾ സംഘാടനത്തിലെ പാളിച്ച മൂലം ഉപേക്ഷിച്ചിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തെ തുടർന്നാണ് വിവിധ ഹൈന്ദവ സാമുദായിക സംഘടനകളെ ഉൾപ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തിൽ വനിതാ മതിലും സൃഷ്ടിച്ചു. സമിതി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായെന്നും ഇനി താൻ വേണ്ടെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ജനുവരി 24 ന് യോഗം അവസാനിപ്പിച്ചത്. ഫെബ്രുവരി അഞ്ചിലെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതുമില്ല . ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി എത്തിയതാകട്ടെ നവോത്ഥാന വിഷയങ്ങൾ തെരഞ്ഞെടുപ്പു കഴിയും വരെ സമിതി നേതാക്കൾ മിണ്ടരുതെന്ന അഭ്യർത്ഥനയുമായാണ്. സമിതി രാഷ്ട്രീയ നിലപാട് എടുക്കേണ്ട. സമിതിയിലുള്ള സംഘടനകൾക്ക് ആവശ്യമെങ്കിൽ സ്വന്തം നിലപാട് എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘാടന ചെലവ് ആര് വഹിക്കുമെന്ന തർക്കമുള്ളതിനാൽ പോയവാരം നടക്കേണ്ട ജില്ലാതല കൂട്ടായ്മകൾ ഉപേക്ഷിച്ചിരുന്നു . പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് കൂട്ടായ്മ ഉപേക്ഷിച്ചതെന്നാണ് സമിതിയുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here