വടകര വെല്ലുവിളി; പാർട്ടി നേതൃത്വം ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കാൻ ബാധ്യസ്ഥൻ : കെ മുരളീധരൻ

വടകര വെല്ലുവിളിയെന്നും പാർട്ടി നേതൃത്വം ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കാൻ ബാധ്യസ്ഥനെന്നും കെ.മുരളീധരൻ. വെല്ലുവിളി ഏറ്റെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ തന്നോട് ആവശ്യപ്പെട്ടു. വടകര യുഡിഎഫിനൊപ്പം നിലനിർത്തേണ്ടത് അനിവാര്യമായത് കൊണ്ട് ഭയന്നോടാൻ താനില്ലെന്നും വടകരയിലേക്ക് നാളെ പുറപ്പെടുമെന്നും കെ.മുരളീധരൻ 24 നോട് പറഞ്ഞു.

ദിവസങ്ങളോളം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ തീർത്തും അപ്രതീക്ഷിതമായാണ് വടകരയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരന്റെ രംഗപ്രവേശം. സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പോലും വടകരയിൽ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ച് നിലകൊണ്ടപ്പോൾ, താൻ സന്നദ്ധനാണെന്ന് അറിയിച്ചതിലൂടെ പ്രതികൂല സാഹചര്യത്തിൽ പാർട്ടിക്ക് വേണ്ടി വെല്ലുവിളി ഏറ്റെടുത്ത്, ലീഡർ പ്രതിഛായ അരക്കിട്ടുറപ്പിക്കുകയായിരുന്നു മുരളീധരൻ.

Read Also : വടകരയില്‍ കെ മുരളീധരനെ പരിഗണിക്കുന്നത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍

വടകര നിലനിർത്താൻ സീനിയറായ നേതാവിനെ രംഗത്തിറക്കണമെന്ന് പാർട്ടിയും മുന്നണിയിലെ ഘടക കക്ഷികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തന്റെ പേരിലേക്ക് എത്തിയത്. വയനാട്ടിലേക്കും തന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ വയനാടിന് വേണ്ടി എം.എൽ.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

വടകരയിലെത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം. സ്ഥാനാർത്ഥിയായി തീരുമാനിച്ച സ്ഥിതിക്ക് എതിർ സ്ഥാനാർത്ഥി പി.ജയരാജനെ വ്യക്തിപരമായി ആക്രമിക്കാനില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ നേടിയ ഭൂരിപക്ഷം നേടി വടകരയിൽ വിജയിക്കും. ഭയന്നോടാൻ താനില്ലെന്നും വടകരയിലേക്ക് നാളെ തന്നെ പുറപ്പെടുമെന്നും കെ.മുരളീധരൻ 24 നോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top