വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിന് മുന്‍പ് വയനാട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പ് സമിതിക്ക് വില നല്‍കാത്ത നടപടിയാണ് ഉണ്ടായതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ കാത്തിരിക്കാമായിരുന്നെന്നും ദേശീയ നേതൃത്വം വിമര്‍ശിച്ചു. അതേസമയം, കെ മുരളീധരന് പകരം പുതിയ പ്രചാരണ കമ്മിറ്റി ചെയര്‍മാനെ നിയമിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ധിഖും സ്ഥാനാര്‍ത്ഥികളാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക പരിശോധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതും പ്രഖ്യാപിക്കേണ്ടതും രാഹുല്‍ ഗാന്ധി അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. ആ സമിതിയെയാണ് സംസ്ഥാന ഘടകം മറികടന്നതെന്ന കടുത്ത വിമര്‍ശമാണ് സമിതി അംഗങ്ങള്‍ ഉന്നയിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയത്. അന്തിമഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചാല്‍ കെപിസിസിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു സമിതി അംഗങ്ങളുടെ ചോദ്യം.
കെ മുരളീധരന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ സി വേണുഗോപാലിനെ അറിയിക്കാതിരുന്നതും ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്ക് കാരണമായെന്നാണ് സൂചന. അതേസമയം, കോലീബി സഖ്യമെന്നത് സിപിഐഎമ്മിന്റെ കള്ളപ്രചാരണമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ കൊലയാളികളോ കോമാളികളോ മുതലാളിമാരോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here