ലോകത്തെ ഏറ്റവും വലിയ പാര്‍ക്കിനുള്ള പദ്ധതിയുമായി സൗദി

ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക് സൗദിയില്‍ വരുന്നു. ഇതുള്‍പ്പെടെ നാല് മെഗാ പദ്ധതികള്‍ ആണ് സൗദി തലസ്ഥാനമായ റിയാദില്‍ വരുന്നത്. പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നാല് മെഗാ പദ്ധതികളാണ് റിയാദില്‍ വരുന്നത്. പദ്ധതികളുടെ ലോഞ്ചിംഗ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍വഹിച്ചു. 22.9 ബില്യണ്‍ ഡോളര്‍ ആണ് പദ്ധതിയുടെ  നിര്‍മ്മാണ ചിലവ്.

പദ്ധതിയുടെ ഭാഗമായ കിംഗ് സല്‍മാന്‍ പാര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക് ആയിരിക്കും. 13.4 ചതുരശ്ര കിലോമീറ്റര്‍ ആണ് പാര്‍ക്കിന്റെ ചുറ്റളവ്. താമസ കേന്ദ്രങ്ങളും, കലകായിക കേന്ദ്രങ്ങളുമെല്ലാം പാര്‍ക്കില്‍ ഉണ്ടാകും. ജലധാര, വെര്‍ട്ടിക്കിള്‍ ഗാര്‍ഡന്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ടാകും. ഗ്രീന്‍ റിയാദ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ പദ്ധതിയിലൂടെ നഗരത്തില്‍ എഴുപത്തിയഞ്ച് ലക്ഷം മരങ്ങള്‍ നട്ടു പിടിപ്പിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹരിതനഗര പദ്ധതിയായിരിക്കും ഇത്. 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് പാതയും അത്‌ലറ്റിക്‌സ് ട്രാക്കും ഉള്‍പ്പെടെയുള്ള കായിക പദ്ധതിയാണ് മൂന്നാമത്തേത്. നാലാമത്തെ പദ്ധതിയായ ആര്‍ട്ട് ഗ്യാലറി ഈ രംഗത്ത് ലോകത്ത് സര്‍ക്കാര്‍ ചിലവില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെയും ചിത്രകാരന്മാരുടെയും സംഗമ കേന്ദ്രമായി ഈ പദ്ധതി മാറും.

പാര്‍പ്പിടം, വാണിജ്യം, വിനോദം തുടങ്ങിയ മേഖലകളില്‍ പതിനഞ്ചു ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിനും പദ്ധതിയില്‍ അവസരം ഉണ്ടാകും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നാല് പദ്ധതികളിലുമായി എഴുപതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top