മുസ്ലീം പള്ളിയിലെ ഭീകരാക്രമണം; ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പനയ്ക്ക് നിരോധനം

മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പനയ്ക്ക് നിരോധനം. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിറക്കി.

നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് തോക്കുകളുടെ വന്‍ തോതിലുള്ള വില്‍പന നടക്കാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാകും.

Read more: ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കേസ് നടത്താൻ അഭിഭാഷകനെ വേണ്ടെന്ന് പ്രതി

തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. പ്രാര്‍ത്ഥന നടക്കുന്നതിനിടെ പള്ളയില്‍ കടന്ന അക്രമി വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top