ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. മുഖ്യ പ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ചു. കേസ് പോക്‌സോയുടെ കീഴിലാക്കിയാണ് തുടര്‍അന്വേഷണം നടത്തുക.

നിലവില്‍ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ പ്യാരിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസിലും മറ്റൊരു പോക്‌സോ കേസിലും പ്യാരിലാല്‍ പ്രതിയാണ്. മുഹമ്മദ് റോഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളാണ് പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, മുഹമ്മദ് റോഷനും പെണ്‍കുട്ടിയ്ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ബംഗളൂരുവിലേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടേക്ക് തിരിച്ചു. ആറ് പേരടങ്ങുന്നതാണ് സംഘം. ഇതില്‍ രണ്ട് പേര്‍ വനിതാ പൊലീസുകാരാണ്. എഎസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ബംഗളൂരുവിലെത്തിയ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അതിനിടെ ബംഗളൂരു പൊലീസിന്റെ സഹായവും അവര്‍ തേടിയിട്ടുണ്ട്.

Read more: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി

തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാലംഗ സംഘം വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ ആക്രമിച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top