തിരുവനന്തപുരത്ത് 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടി

തിരുവനന്തപുരത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 13 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ ആന്ധ്രാ സ്വദേശിയടക്കം അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ആക്കുളത്ത് വെച്ച് കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഇന്നോവ കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയിലാണ് 13 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് എട്ടരലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരാണ് അറസ്റ്റിലായത്.
Read Also; പാലക്കാട് വന്‍ ലഹരി വേട്ട; ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി
ആന്ധ്രയില്‍ നിന്നും കൊണ്ടു വന്ന ഹാഷിഷ് ഓയില്‍ വഴിമധ്യേ പലയിടത്തു വെച്ച് പല വാഹനങ്ങളിലേക്ക് മാറ്റിയാണ് തിരുവനന്തപുരത്തെത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. വാഹനത്തിന്റെ കൃത്യമായ വിവരം എക്‌സൈസിന് ലഭിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡിണ്ടിഗലില്‍ വെച്ചാണ് ഹാഷിഷ് ഓയില്‍ ഇന്നോവയിലേക്ക് മാറ്റിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
Read Also;തിരുവനന്തപുരത്ത് നിന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടി
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ പ്രത്യേക പരിശോധന ആരംഭിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തുകയും ചെയ്യും. ഇത്തരം കേസുകളില്‍ പ്രതികളാകുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ്‌സിങ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here