ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പെണ്‍കുട്ടിയുമായി കടന്ന മുഹമ്മദ് റോഷനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുമായി റോഷന്‍ കടന്നത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടി എവിടെയാണെന്നോ സംബന്ധിച്ച് പൊലീസിന് ഒരു വിവരവുമില്ല. ഈ ഒരു സാഹചര്യത്തിലാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിന്റെ രണ്ട് ടീം ബംഗളൂരിവിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചിരുന്നു. കൊല്ലം സിറ്റി ഷാഡോ പൊലീസിന്റെ മറ്റൊരു ടീം കൂടി ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. രാജസ്ഥാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. റോഷന് തൃശൂരിലും ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവിടെയും തെരച്ചില്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ആഭ്യന്തര വകുപ്പിന്റെ തകര്‍ച്ചയും വീഴ്ചയുമാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം ഉപവാസം നടത്തുകയാണ്. മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ഉപവാസം. ഗുരുതരമായ കൃത്യവിലോപമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രതികള്‍. ഇവര്‍ക്കെതിരെ, പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here