വ്യാജരേഖ വിവാദം; എഫ്ഐആറില്‍ നിന്ന് ബിഷപ്പിന്റെയും വൈദികന്റെയും പേരൊഴിവാക്കാൻ അപേക്ഷ നൽകി

സിറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദത്തിൽ വിശദീകരണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. എഫ്ഐആറില്‍ നിന്ന് ബിഷപ്പിന്റെയും വൈദികന്റെയും പേരൊഴിവാക്കാൻ അപേക്ഷ നൽകിയെന്നാണ് വിശദീകരണം. വ്യാജരേഖ ചമച്ച അജ്ഞാതരെ പ്രതിചേർത്ത് എഫ്ഐആര്‍ ഇടുമെന്ന ഉറപ്പ് ലഭിച്ചുവെന്നും വൈദികർക്കയച്ച കത്തിൽ കർദ്ദിനാൾ വ്യക്തമാക്കി. കത്തിന്റെ പകർപ്പ് 24-ന് ലഭിച്ചു.
ReadAlso: സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം; പരാതി പിൻവലിക്കില്ലെന്ന സൂചന നൽകി സഭ
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജ ബാങ്ക് രേഖകൾ ചമച്ചുവെന്ന പരാതിയിൽ ബിഷപ്പും വൈദികനും പ്രതികളായതിനെത്തുടർന്നുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് വിശദീകരണം.
സഭയിലെ മേജർ സുപ്പീരിയേഴ്സിനും പ്രൊവിൻഷ്യാൾമാർക്കും അയച്ച കത്തിലാണ് കർദിനാൾ ജോർജ് ആലഞ്ചേരി നിലപാട് വിശദീകരിച്ചത്.
തന്നെയും സഭയും അപമാനിക്കാനായി വ്യാജ ബാങ്ക് രേഖകൾ ചമച്ചവർക്കെതിരായ നടപടിയാണ് സഭാ സിനഡ് ആവശ്യപ്പെട്ടതെന്ന് വിശദീകരണക്കുറിപ്പിൽ ആലഞ്ചേരി വ്യക്തമാക്കുന്നു. വ്യാജരേഖക്കേസിൽ പ്രതി ചേർക്കപ്പെട്ട ബിഷപ്പ് ജേക്കബ് മനത്തോ ടത്തിനും ഫാദർ പോൾ തേലക്കാട്ടിനുമെതിരെ പരാതിയിൽ ആരോപണങ്ങളുന്നയിച്ചിട്ടില്ല. രേഖകൾ ഫാദർ പോൾ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിൽ ഹാജരാക്കിയെന്ന പരാമർശം മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. ഇരുവരും കേസിൽ പ്രതികളാകുമെന്ന് കരുതിയില്ല. ഇതെങ്ങനെയാണ് സംഭവിച്ചതെന്നറിയില്ല.
എഫ്ഐആര്‍ തിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്. ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കത്തിൽ ആലഞ്ചേരി വിശദീകരിക്കുന്നു. വ്യാജരേഖ ചമച്ച അജ്ഞാതർക്കെതിരായി പുതിയ എഫ്ഐആര്‍ ഇടുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും കത്തിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിശദീകരിക്കുന്നു. സഭാ സിനഡിനായി ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ.ജോബി മാപ്രക്കാവിൽ നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് വൈദികനും ബിഷപ്പിനുമെതിരെ പോലീസ്എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here