ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധി, ബെല്ലാരിയില്‍ സോണിയ, വയനാട്ടില്‍ രാഹുല്‍; ദക്ഷിണേന്ത്യ ലക്ഷ്യം വച്ച് നെഹ്‌റു കുടുംബം

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ചരിത്രത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ എത്തുമെന്ന വിവരം കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വളരെ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഒരു ചരിത്രം പറയേണ്ടതുണ്ട്. ദക്ഷിണേന്ത്യ കീഴടക്കാന്‍ ഇറങ്ങിയ നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചയുടെ ചരിത്രം.
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഏടായിരുന്നു ചിക്കമംഗളൂര്‍ തെരഞ്ഞെടുപ്പ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച ഇന്ദിരക്ക് രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് സമ്മാനിച്ചത് ചിക്കമംഗളൂര്‍ തെരഞ്ഞെടുപ്പായിരുന്നു. ആ ചരിത്രം ഇങ്ങനെ,
ഇന്ദിര ചിക്കമംഗളൂരുവില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടപ്പോഴും കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ കോട്ടയായി ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 1978 ല്‍ ചിക്കമംഗളൂരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന ഡി ബി ചന്ദ്രഗാഡ രാജിവെച്ചതോടുകൂടി ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. അവിടെ മത്സരിക്കാന്‍ അന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരശ് ഇന്ദിരയെ ക്ഷണിച്ചു. ഇന്ദിരയുടെ എതിരാളി ജനതാ പാര്‍ട്ടിയുടെ വീരേന്ദ്ര പാട്ടീലായിരുന്നു. ഇതിനിടെ ദേവേന്ദ്ര അരശുമായി ഇന്ദിര പിണങ്ങുകയും ചെയ്തു. അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതുള്‍പ്പെടെ ഇന്ദിരക്ക് ആശങ്കയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലകള്‍ കെ കരുണാകരനേയും മഹാരാഷ്ട്ര നേതാവ് വസന്ത് സാഥെയയുമായിരുന്നു ഇന്ദിര ഏല്‍പ്പിച്ചത്. അന്ന് താരതമ്യേന ചെറുപ്പമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയും ഇന്ദിരക്ക് വേണ്ടി പ്രചരണത്തിനിറങ്ങി. ഒടുവില്‍ വന്‍ ഭൂരിപക്ഷത്തിന് ചിക്കമംഗളൂരുവില്‍ ഇന്ദിര വിജയക്കൊടി പാറിക്കുകയായിരുന്നു.
സോണിയ ബെല്ലാരിയില്‍
സോണിയ ഗാന്ധി ബെല്ലാരിയില്‍ മത്സരിച്ചത് 1999 ലാണ്. നിലവില്‍ കേന്ദ്ര വിദേശ മന്ത്രിയായ സുഷമ സ്വരാജിനെയായിരുന്നു ആ വര്‍ഷം സോണിയ ഗാന്ധി പരാജയപ്പെടുത്തിയത്. അമേഠിയിലും ബെല്ലാരിയിലും ഒരുമിച്ചു മത്സരിച്ച സോണിയ ഈ മണ്ഡലം ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും തെരഞ്ഞെടുപ്പുണ്ടാക്കുകയുമാണ് ചെയ്തത്. 1952 മുതല്‍ 2000 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ് അടക്കി ഭരിച്ച മണ്ഡലമായിരുന്നു ബെല്ലാരി. ബി ശ്രീരാമുലുവിനെപ്പോലുള്ള നേതാക്കളെ ഉപയോഗിച്ചുള്ള തന്ത്രപരമായ നീക്കവും മണ്ഡലത്തിലെ പ്രമാണിത്തവും വഴി മണ്ഡലം ബെല്ലാരി സഹോദരങ്ങള്‍ പിന്നീട് സ്വന്തമാക്കുകയായിരുന്നു. സോണിയക്ക് ശേഷം ബെല്ലാരി പിടിച്ചെടുക്കാന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ഒരു ആവശ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അനുകൂല തീരുമാനം രാഹുല്‍ കൈക്കൊണ്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ അമേഠിയിലാണ് ഇടംപിടിച്ചത്.
ഇപ്പോള്‍ വയനാട്ടില്‍ രാഹുലും
ഇതിനിടെയാണ് മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ, കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ എത്തുന്നതോടെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ യുഡിഎഫിനാകുമെന്നാണ് കെപിസിസി അഭിപ്രായപ്പെടുന്നത്. രാഹുല്‍ വയനാടില്‍ എത്തുന്നതോടെ അതിന്റെ അലയടികള്‍ സമീപ സംസ്ഥാനങ്ങളിലേക്കും ഉയരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ദക്ഷിണേന്ത്യ കീഴടക്കാനുള്ള മുത്തശ്ശിയുടേയും അമ്മയുടേയും ശ്രമം രാഹുലിലൂടെ പൂര്‍ണ്ണമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here