വെള്ളാപ്പള്ളിയെ വിമർശിച്ചതിന് സുഗതന്റെ ഇറങ്ങിപ്പോക്ക്; പാർട്ടിയിൽ യൂദാസുമാരുണ്ടെന്ന് സുധീരൻ

മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വെള്ളാപ്പള്ളി നടേശനെ വിമർശിച്ചതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ ഡി സുഗതൻ ഇറങ്ങിപ്പോയി. വെള്ളാപ്പള്ളിയെയും എസ്എൻഡിപിയെയും ചീത്ത വിളിക്കുന്നത് കേട്ടിരിക്കാനാവില്ലെന്നും അതിനാലാണ് ഇറങ്ങിപ്പോന്നതെന്നും കെപിസിസി നിർവാഹക സമിതി അംഗം കൂടിയായ സുഗതൻ പറഞ്ഞു. സുധീരന്റെ വിമർശനങ്ങൾ അനവസരത്തിലുള്ളതായിരുന്നെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാമായിരുന്നെന്നും ഡി സുഗതൻ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമാണ് ഡി സുഗതൻ.

അതേ സമയം വാർത്താ സമ്മേളനത്തിന് പിന്നാലെ നടന്ന ഡിസിസി യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് സുധീരൻ ഉന്നയിച്ചത്. പാർട്ടിയിൽ ചില യൂദാസുകളുണ്ടെന്നും സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്ന ഇത്തരം ഒറ്റുകാരെ ഒഴിവാക്കണമെന്നും സുധീരൻ പറഞ്ഞു.

നേരത്തെ വാർത്താസമ്മേളനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സുധീരൻ ഉന്നയിച്ചത്. സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയായാണ് വെള്ളാപ്പള്ളി നടേശൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ സുധീരൻ വെള്ളാപ്പള്ളിയുടേത് വിശ്വാസ്യത നഷ്ടപ്പെട്ടവന്റെ വിലാപമാണെന്നും പറഞ്ഞിരുന്നു. എസ്എൻഡിപിയെ തെറ്റായ ദിശയിലാണ് വെള്ളാപ്പള്ളി നടേശൻ നയിക്കുന്നതെന്നും വെള്ളാപ്പള്ളിയുമായി ഇപ്പോൾ കൂട്ടുചേരുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണതയാണെന്നും സുധീരൻ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top