കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചരണം ഇന്ന് തുടങ്ങും. രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സുരേന്ദ്രന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പു തന്നെ സുരേന്ദ്രന് വേണ്ടി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കെ സുരേന്ദ്രനെ വിജയിപ്പിക്കുക എന്ന് കാണിച്ച് ചുവരെഴുത്തുകളും സജീവമായിരുന്നു. ബൂത്ത് കണ്‍വന്‍ഷകളും കുടുംബയോഗങ്ങളും ഇന്നലെ ആരംഭിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് കെ.സുരേന്ദ്രന്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.
ദിവസങ്ങള്‍ നീണ്ടുനിന്ന ആകാംക്ഷകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സുരേന്ദ്രന് വേണ്ടി ആര്‍എസ്എസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി വഴങ്ങുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ കൂടാതെ പി എസ് ശ്രീധരന്‍ പിള്ളയുടേയും എം ടി രമേശിന്റേയും പേരുകളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നു കേട്ടത്. പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സന്നദ്ധത ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സുരേന്ദ്രന്റെ പേര് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പരിഗണിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ പത്തനംതിട്ട ഒഴിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു നടന്നത്. തുടര്‍ന്ന് രണ്ടാംഘട്ട പട്ടികയും പുറത്തുവന്നു. അപ്പോഴും പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന് വ്യക്തമായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here