തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയ ഉണർത്തി കണ്ണുക്ക് മൈ അഴഗ് കവർ സോംഗ്

എആർ റഹ്മാൻ ഗാനങ്ങൾ എക്കാലവും എവർഗ്രീൻ പട്ടികയിൽ ഇടംപടിച്ചവയാണ്.  1993 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലെ ‘കണ്ണുക്ക് മൈ അഴഗ്’ എന്ന ഗാനവും എആർ റഹ്മാന്റേതാണ്.  ഇതിന്റെ കവർ ചെയ്ത് സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനലായ ഫ്‌ളവേഴ്‌സ് ടിവി.

രണ്ട് ഗാനങ്ങളാണ് ഈ കവർ സോംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണുക്ക് മൈ അഴഗിന് പുറമെ കൺമണി അൻപോട് കാതലൻ എന്ന ഗാനവും വീഡിയോയിലുണ്ട്. 1991 ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ ഗാനമാണ് കൺമണി അൻപോട് കാതലൻ.
ഇളയരാജയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

മൂന്നാറിന്റെ ദൃശ്യഭംഗിയും ഗ്രീഷ്മ കണ്ണന്റെ ആലാപനമികവും സമന്വയിച്ച ഈ കവർ പുറത്തിറങ്ങി ഫേസ്ബുക്കിൽ നിമിഷങ്ങൾക്കകം കണ്ടത് ലക്ഷങ്ങളാണ്. ഫ്‌ളവേഴ്‌സ് ടിവി പ്രൊഡ്യൂസർ ഗംഗാ ലക്ഷ്മിയാണ് സംവിധാനം. ടിഡി ശ്രീനിവാസാണ് ഛായാഗ്രഹണം. ശ്രീരാജ് ശ്രീകൺഠനാണ് മ്യൂസിക്ക് അറേഞ്ച്‌മെന്റ്‌സ്. ഫ്രാൻസിസ് സേവ്യറാണ് വയലിൻ.

നിരവധി ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ഗ്രീഷ്മാ കണ്ണൻ. മലയാളത്തിന് പുറമെ തമിഴ് ചാനലായ വിജയ് ടിവിയിലെ സൂപ്പർ സിംഗറിലും ഗ്രീഷ്മാ കണ്ണൻ പങ്കെടുത്തിട്ടുണ്ട്.

Read Also : പഴയകാല പ്രണയത്തിന്റെ ഓർമ്മകളുണർത്തി ‘ഒരു രാജമല്ലി’യുടെ വയലിൻ കവർ

സുരേഷ് ചന്ദ്ര മേനോൻ സംവിധാം ചെയ്ത് രേവതി, സുരേഷ് ചന്ദ്ര മേനോൻ, വിനീത് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയചിത്രമാണ് പുതിയ മുഖം. നിരവധി ഹിറ്റ് ഗാനങ്ങൾ ഇന്ത്യൻ സംഗീതലോകത്തിന് സമ്മാനിച്ച സിനിമയായിരുന്നു ഇത്. നേട്ര് ഇല്ലാത്ത മാട്രം, ഇതുദാൻ വാഴ്‌ക്കൈ എൻപദാ, ശംഭോ ശംഭോ തുടങ്ങിയ പാട്ടുകളെല്ലാം ഈ ചിത്രത്തിലെയാണ്.

സാബ് ജോൺ തിരക്കഥ എഴുതി സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രമാണ് ഗുണ. കമൽ ഹാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ചിത്രം എന്നാൽ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നില്ല. ചിത്രത്തിലെ കൺമണി അൻപോട് കാതലൻ എന്ന ഗാനം മാത്രമാണ് ആദ്യകാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് നിരൂപക പ്രശംസ പിടിച്ചുപറ്റി ഈ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top