കോൺഗ്രസിൽ ചേർന്നതായ വാർത്ത നിഷേധിച്ച് സപ്‌ന ചൗധരി

കോൺഗ്രസിൽ ചേർന്നുവെന്ന വാർത്തകൾ നിഷേധിച്ച് പ്രശസ്ത ഗായികയും നർത്തകിയുമായ സപ്ന ചൗധരി. എല്ലാ രാഷ്ട്രീയ പാർട്ടികളും തനിക്ക് ഒരു പോലെയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്കു വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും സപ്‌ന ചൗധരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സപ്ന ചൗധരി കോൺഗ്രസ്സിൽ ചേർന്നതായി പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read Also; ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു; ഡല്‍ഹിയില്‍ മത്സരിച്ചേക്കും 

എന്നാൽ സപ്‌ന ഇക്കാര്യം നിഷേധിച്ചതിനു പിന്നാലെ സപ്ന പൂരിപ്പിച്ച അംഗത്വ പത്രിക കോൺഗ്രസ്സ് പുറത്ത് വിട്ടു.സപ്ന കോൺഗ്രസിൽ ചേർന്നതായുള്ള പ്രഖ്യാപനത്തിനു പിന്നാലെ ബി ജെ പി സ്ഥാനാർത്ഥിയായ സിനിമാ താരം ഹേമാ മാലിനിക്കെതിരെ മഥുരയിൽ സപ്ന മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ജാട്ട് സമുദായത്തിനു മേൽക്കൈ ഉള്ള മണ്ഡലത്തിൽ സപ്നയുടെ സ്ഥാനാർത്ഥിത്വം  കോൺഗ്രസ്സിനു ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.

സപ്ന കോൺഗ്രസ്സിൽ ചേർന്നുവെന്ന വാർത്തകൾക്കു പിന്നാലെ പരിഹാസവുമായി നിരവധി ബി ജെ പി നേതാക്കളും രംഗത്തെത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് സപ്ന കോൺഗ്രസ്സ് പ്രവേശനം നിഷേധിച്ചത്.എന്നാൽ  സപ്ന  കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചതിന്റെ  രേഖകൾ സഹിതമാണ് കോൺഗ്രസ്സ് രംഗത്തുവന്നത്. സപ്നയുടെ ഒപ്പും പേരും അടങ്ങുന്ന അംഗത്വ പത്രികയും, അംഗത്വ തുക നൽകിയ രസീതുമാണ് കോൺഗ്രസ്സ് പുറത്ത് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top