കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ വിമര്‍ശനം; നീതി ആയോഗ് ഉപാധ്യക്ഷന് നോട്ടീസ്

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ചതിന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം അവസരവാദ രാഷ്ട്രീയമാണെന്ന പ്രതികരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. രാജീവ് കുമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വിലയിരുത്തിയ കമ്മീഷന്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാട്ടിയാണ് നോട്ടീസയച്ചത്.
രാജ്യത്തെ ഇരുപത് ശതമാനം വരുന്ന ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് അടിസ്ഥാന വേതനം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നു. 1971ല്‍ ഗരീബി ഹട്ടാവോ, 2008ല്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ 2013ല്‍ ഭക്ഷ്യ സുരക്ഷ പദ്ധതി എന്നിങ്ങനെ പല പദ്ധതികളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും നടപ്പിലാക്കിയില്ല. അത് പോലെ തന്നെയാണ് രാഹുലിന്റെ ഇപ്പോഴത്തെ പ്രഖ്യാപനവുമെന്നായിരുന്നു ആദ്യ ട്വീറ്റ്.
ജിഡിപിയുടെ രണ്ട് ശതമാനവും ബഡ്ജറ്റിന്റെ പതിമൂന്ന് ശതമാനവും കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതിക്കായി മാറ്റി വെക്കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയില്ലെന്നുമായിരുന്നു രണ്ടാമതായി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തത്. നീതി ആയോഗ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നും അതിന്റെ ഉപാധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദാനങ്ങളെ വിമര്‍ശിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവ് കുമാറിന് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം വിശദീകരണം വേണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here