പെരിയ ഇരട്ടക്കൊല കേസ്; ആയുധങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി

പെരിയ ഇരട്ടക്കൊല കേസില്‍ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് സംഘത്തിന്റ ആവശ്യപ്രകാരമാണ് നടപടി. കേസിൽ മൂന്നു മാസത്തിനകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.
പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും,സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗവുമായ പീതാംബരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ അന്വേഷണസംഘം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്ത വടിവാളും, ഇരുമ്പ് ദണ്ഡുകളുമടങ്ങിയ ആയുധങ്ങളാണ് ഫോറൻസിക്ക് സർജൻറ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തിയത്. ആയുധങ്ങൾ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാൻ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് അനുമതി നൽകണമെന്ന് അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ ഡോ: എൻ.ഗോപാലകൃഷ്ണ പിള്ള നേരിട്ട് കോടതിയിലെത്തിയാണ് ആയുധങ്ങൾ പരിശോധിച്ചത്. എന്നാല്‍ ഫോറന്‍സിക് സർജന്‍റെ പരിശോധനക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ദന് ആയുധങ്ങള്‍ കയ്യിലെടുത്ത് പരിശോധിക്കാനായില്ല, മാത്രമല്ല പ്രതിഭാഗം അഭിഭാഷകന്‍റെ സാനിധ്യത്തിലാണ് പരിശോധന നടത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം നടന്ന് മൂന്നു മാസത്തിനകം തന്നെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here