പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം : മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശാസ്തജ്ഞന്‍മാരുടെ പ്രാഗല്‍ഭ്യം മോദി ദുരുപയോഗം ചെയ്യുകയാണ്. രാജ്യം ഇന്നീ കാണുന്ന ബഹിരാകാശ ശാസ്ത്രരംഗത്തെ പുരോഗതിക്ക് അടിത്തറ പാകിയത് കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയുമാണ്. ആന്റി സാറ്റ്ലൈറ്റ് മിസൈല്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നത് മോദി മറക്കരുത്.

Read Also : ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചു ; ബഹിരാകാശ രംഗത്ത് ഇന്ത്യ വൻശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാലത്ത് 2010 ല്‍ ഈ നേട്ടം കൈവരിച്ചതായി ഡി.ആര്‍.ഡി.ഒ മേധാവി വി.കെ.സരസ്വത് പരസ്യ പ്രസ്താവന നടത്തിയിട്ടുമുണ്ട്. കൂടാതെ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന കാലത്തും ഉപഗ്രഹവേധ മിസൈല്‍ വിജയകരമാണെന്ന് ഡി.ആര്‍.ഡി.ഒ അവകാശപ്പെട്ടിരുന്നു. ബഹിരാകാശത്ത് നിക്ഷേപിക്കുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രങ്ങളെ നശിപ്പിച്ചേക്കുമെന്ന വിലയിരുത്തലിലാണ് അന്ന് ഇതിന്റെ പരീക്ഷണം നടത്താത്തതെന്നും ഡി.ആര്‍.ഡി.ഒ മേധാവി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാലത്ത് പുറത്തിറങ്ങിയ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വസ്തുകള്‍ ഇതായിരിക്കെ നേരത്തെ രാജ്യം കൈവരിച്ച മികച്ചനേട്ടത്തിന്റെ പരീക്ഷണം നടത്തിയിട്ട് പദ്ധതിയുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top