പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ അശ്വനി ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്.. ഇടശ്ശേരി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായരുടെയും മകളായി കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. കെ.വി. രാമന്‍കുട്ടിയെ വിവാഹം കഴിച്ചു. മകളുടെ പേര് ഉമ.

അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, അക്സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തിട്ടുണ്ട്.

അഷിതയുടെ കഥകള്‍ എന്ന സമാഹാരത്തിന് 2015 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മ രാജന്‍ പുരസ്‌കാരം, ഇടശേരി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top