യുഎഇയിൽ നിന്ന് പണമയക്കാനുള്ള ബ്ലോക്ക് ചെയിന്‍ സംവിധാനം വികസിപ്പിച്ചു

യുഎഇയിൽ നിന്ന് പണമയക്കാനുള്ള ബ്ലോക്ക് ചെയിന്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ട ആര്‍ 3 കോര്‍ഡ് ബ്ലോക്ക് ചെയിന്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചതായി ഫെഡറൽ ബാങ്ക് അധികൃതർ പറഞ്ഞു. ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഡിജി ലെഡ്ജുമായി സഹകരിച്ചാണ് വികസനം.
ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ചേര്‍ന്ന് വിദേശ ഇന്ത്യക്കാര്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള പുതിയ സേവനങ്ങൾ അവതരിപ്പിച്ചതായും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ആഗോളതലത്തില്‍ 180 ലേറെ ശാഖകളുള്ള മുന്‍നിര സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ച് രാജ്യാന്തര തലത്തില്‍ പണമടക്കല്‍ നടത്തുന്നതിനുള്ള ഈ മെച്ചപ്പെടുത്തിയ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പണം സ്വീകരിക്കുന്നയാളിന്റെ വിപിഎ (വെര്‍ച്വല്‍ പെയ്‌മെന്റ് വിലാസം) ഉപയോഗിച്ചു കൊണ്ട് എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും വഴി പണമയക്കാന്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്ന പുതിയ സംവിധാനവും ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ 2.0 പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ള ഈ സംവിധാനം വഴിയാണ് ഓര്‍ത്തു വയ്ക്കാന്‍ എളുപ്പമുള്ള വിപിഎ ഉപയോഗിച്ചു പണമടക്കാനാവുന്നത്. ഇതുവരെ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയിലേയ്ക്കു പണമയച്ചിരുന്നത്. പണം സ്വീകരിക്കുന്നയാളെ തിരിച്ചറിയാവുന്നത് മൂലം തെറ്റായ ക്രെഡിറ്റുകളും നിരസിക്കലുകളും ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായിക്കും.
ഒടിപികള്‍ സ്വീകരിക്കാനും ഇടപാടുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കാനും സഹായിക്കുന്ന പുതിയ മൊബൈൽ ആപ്പും പുറത്തിറക്കി. ഒടിപികളും അലര്‍ട്ടുകളും വൈകി ലഭിക്കുന്നതു വഴിയുള്ള പ്രശ്‌നങ്ങൾ ഈ ആപ്പു വഴി പരിഹരിക്കാനാവും. ആന്‍ഡ്രോയ്ഡിലും ഐഒഎസ് സംവിധാനത്തിലും ഈ ആപ്പ് ലഭ്യമാണ്.
വാർത്താ സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് രവി രഞ്ജിത്, ഡെപ്യുട്ടി വൈസ് പ്രസിഡന്റുമാരായ പി. വി. ജിതേഷ്, ബിനു തോമസ്, റിപ്പിൾ സീനിയർ വൈസ് പ്രസിഡൻ്റ് ജോൺ മിച്ചൽ തുടങ്ങിയവരും സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here