ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു; ശ്രീധരന്‍പിള്ളയെ തള്ളി കെ സുരേന്ദ്രന്‍

ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്നും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശബരിമല ഉയര്‍ത്തിക്കാട്ടാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനെ തള്ളി കെ സുരേന്ദ്രന്‍ രംഗത്തെത്തി.

ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ശബരിമല വിഷയത്തിലൂന്നി പ്രചാരണം കൊഴുക്കവേയാണ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമല്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുമെന്നു താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍ ബിജെപിക്കുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടു കഴിഞ്ഞു. ശബരിമല കേരളത്തിലെ പ്രധാന പ്രചാരണ വിഷയം തന്നെയാണെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ വികസന നേട്ടത്തോടൊപ്പം ശബരിമല വിഷയവും ചര്‍ച്ചയാകുമെന്ന് ശ്രീധരന്‍ പിള്ളയെ തള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ശബരിമല വിഷയത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആര്‍എസ്എസ്, ശബരിമല കര്‍മ്മസമിതി നിലപാടിനോടുള്ള പരസ്യ വിയോജിപ്പില്‍ ഇരു സംഘടനകളും ബിജെപി സംസ്ഥാന ഘടകത്തെ അതൃപ്തി അറിയിച്ചു. അനുകൂല സാഹചര്യം ഇല്ലാതാക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top