ദുബായില്‍ ഇനി സ്ക്കൂള്‍ ഫീസ് തോന്നുംപടി കൂട്ടാനാകില്ല; മാനേജ്മെന്റുകളുടെ നടപടികള്‍ക്ക് നിയന്ത്രണം

school fee

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത. സ്കൂൾ ഫീസ് തോന്നുംപോലെ വർധിപ്പിക്കുന്ന മാനേജ്മെന്റുകളുടെ നടപടി നിയന്ത്രിച്ചുകൊണ്ട് ദുബായ് കിരീടാവകാശി പുതിയ നിര്‍ദ്ദേശമിറക്കി. ഈ അധ്യയന വർഷം തന്നെ ഇവ പ്രാബല്യത്തിൽ വരും.

ഉയർന്ന ഫീസ് അടക്കമുള്ള സ്കൂൾ ചെലവുകൾ താങ്ങാനാവാതെ ഒട്ടേറെ കുടുംബങ്ങൾ മക്കളുടെ ടി സി വാങ്ങി നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ അടങ്ങിയ പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയത്. ഇഷ്ടംപോലെ ഫീസ് കൂട്ടുന്നതിൽനിന്ന് സ്‌കൂൾ അധികൃതരെ വിലക്കുന്നതാണ് പുതിയ തീരുമാനം. സ്വകാര്യ സ്കൂളുകളുടെ സാങ്കേതികമികവ് ഉയർത്തുന്നതോടൊപ്പം രക്ഷിതാക്കളുടെ താല്‍പര്യങ്ങൾകൂടി പരിഗണിച്ച് മികച്ച വിദ്യാഭ്യാസം, തൃപ്തികരമായ ഫീസ് നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരുമാനം ആശ്വാസം പകരുന്നതാണെന്ന് പ്രവാസി സമൂഹം പ്രതികരിച്ചു.

വിദ്യാഭ്യാസസേവനങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയിൽ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും താല്‍പര്യങ്ങൾ പദ്ധതി പരിഗണിക്കും. ഈ അധ്യയനവർഷത്തിൽ തന്നെ പദ്ധതി നിലവിൽവരുകയും ചെയ്യും. ദുബായ് സ്‌കൂൾ പരിശോധനാ വകുപ്പിന്റെ നിരീക്ഷണങ്ങളിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരത്തിൽ കുറവുവരുത്തുകയും ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്‌കൂളുകൾക്ക് ഫീസ് നിരക്കുയർത്താൻ അനുമതി നിഷേധിക്കും. യുഎഇയിലെ പല ഇന്ത്യൻ സ്കൂളുകളിലും കുറഞ്ഞത് 300 മുതൽ 700 വരെ ടി സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ സിലബസ് മാത്രം പിന്തുടരുന്ന 69 സ്കൂളുകളാണ് രാജ്യത്തുള്ളത്. ഉയർന്ന ബസ് ഫീസ് അടക്കമുള്ള അനുബന്ധ ചെലവുകള്‍ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top