സ്ഥാനാർത്ഥികൾ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായമെന്ന് വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നവർ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ മത്സരിച്ചപ്പോൾ ഭാരവാഹികൾ തോൽക്കുകയാണ് ചെയ്തത്. എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നും തുഷാർ അച്ചടക്കമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്ന എസ്എൻഡിപി ഭാരവാഹികൾ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ്എൻഡിപി സ്ഥാനം രാജിവെക്കില്ലെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് തുഷാർ വെള്ളാപ്പള്ളി. ഈ സാഹചര്യത്തിലാണ് ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here