കെ.സുരേന്ദ്രൻ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി; പിന്തുണയ്ക്കുമെന്ന് ജോർജ്

പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്നുച്ചയോടെയാണ് സുരേന്ദ്രൻ ഈരാറ്റുപേട്ടയിൽ പി.സി ജോർജിന്റെ വസതിയിലെത്തിയത്. പി.സി ജോർജിന്റെ ജനപക്ഷം എൻഡിഎയിൽ ചേരുമെന്ന സൂചനകൾക്കിടെയാണ് കൂടിക്കാഴ്ച. പത്തനംതിട്ടയിൽ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. വിശ്വാസികൾക്ക് വേണ്ടി ജയിൽ ശിക്ഷ വാങ്ങിയ ആളാണ് സുരേന്ദ്രൻ. അതു കൊണ്ടു തന്നെ സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
Read Also; പിസി ജോർജ് എൻഡിഎയിലേക്ക് ? ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി
പത്തനംതിട്ടയിൽ സുരേന്ദ്രന് ജനപക്ഷം പൂർണ പിന്തുണ നൽകും. മറ്റ് മണ്ഡലങ്ങളിൽ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും പി.സി ജോർജ് പറഞ്ഞു. അതേ സമയം പി.സി ജോർജിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് അഭ്യർത്ഥിക്കാനാണ് എത്തിയതെന്നും ജോർജിന്റെ പാർട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here