ജനുവരിയില്‍ ക്ലാസ്, ഏപ്രിലില്‍ പരീക്ഷ, കേരളയൂണിവേഴ്സിറ്റി അവസാന സെമസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ‘പരീക്ഷണ’ക്കാലം

university

കേരള യൂണിവേഴ്സിറ്റിയിലെ  ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്റര്‍ ‘പഠിക്കാന്‍’ ലഭിച്ചത് കേവലം രണ്ട് മാസം! ജനുവരി അവസാനത്തോടെ ആറാം സെമസ്റ്റര്‍ ആരംഭിച്ച് ഇപ്പോള്‍ ഏപ്രില്‍ നാലിന് പരീക്ഷ എഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. അഞ്ച് വിഷയങ്ങള്‍ പഠിച്ച് എഴുതുന്നതിന് പുറമെ പ്രൊജക്റ്റും സമര്‍പ്പിക്കണം. ഏപ്രില്‍ രണ്ടിനാണ് പ്രൊജക്റ്റ് സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ക്ലാസുപോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്ത് പഠിച്ചാണ് പരീക്ഷ എഴുതേണ്ടതെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം.

ഇവര്‍ക്ക് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് ജനുവരി 16നാണ്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനകം കുട്ടികള്‍ക്ക് ആറാം സെമസ്റ്ററിന്റെ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം  ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ആരംഭിക്കുന്നത് ഏപ്രില്‍ നാലിനാണ്. അടുത്തടുത്ത ദിവസങ്ങളിലും ശനിയാഴ്ച ദിവസവുമടക്കം  പരീക്ഷ നടത്തി ഏപ്രില്‍ 12ഓടെ ആറാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കാനാണ് യൂണിവേഴ്സിറ്റി അധികൃതരുടെ നീക്കം. കഴിഞ്ഞ വര്‍ഷം ആറാം സെമസ്റ്ററുകാര്‍ക്ക് നേരത്തെ തന്നെ ക്ലാസ് തുടങ്ങിയതിനാല്‍ ഈ പ്രശ്നം ഉണ്ടായിരുന്നില്ല.

തുടക്കം മുതല്‍ അവഗണനയുടെ കൊടുമുടിയിലായിരുന്നു ഈ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍.  ഇവര്‍ സെക്കന്റ് സെമസ്റ്ററിലെത്തിയിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രഖ്യാപനം വന്നിരുന്നില്ല. രണ്ടാം സെമസ്റ്ററില്‍ എഴുതിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വരാന്‍ ഇവര്‍ കാത്തിരുന്നത് ഒന്നേകാല്‍ വര്‍ഷമാണ്. 2016ഡിസംബറില്‍ നടന്ന ഡിഗ്രി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം 2018 ഫെബ്രുവരിയിലാണ് പുറത്ത് വന്നത്. ആറ് മാസത്തോളം കാലതാമസമാണ് ഈയിനത്തില്‍ തന്നെ വന്നത്. ഇക്കാര്യം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു.

ReadAlso: പരീക്ഷ 2016ല്‍, മൂല്യനിര്‍ണ്ണയം 2017ല്‍, റിസള്‍ട്ട് 2018ല്‍!! കേരളാ യൂണിവേഴ്സിറ്റി ഡാ

ഇത്തരത്തില്‍ തോന്നിയപടി  പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി പാഴായിപ്പോയ ദിവസങ്ങള്‍  അവസാന വര്‍ഷത്തില്‍ തിരിച്ച് പിടിക്കാന്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഈ ‘ഒറ്റ ബുദ്ധി’ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന സമ്മര്‍ദ്ധം ചെറുതല്ല. ആദ്യ സെമസ്റ്ററുകളില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ കാഴ്ചവെച്ച ഈ  അലംഭാവം ഇത്തരത്തില്‍ ബൂമറാംഗ് പോലെ തിരിച്ചെത്തുമെന്ന് വിദ്യാര്‍ത്ഥികളും എന്തിന് അധ്യാപകരു പോലും കരുതിക്കാണില്ല. പഠനഭാഗങ്ങള്‍ എങ്ങനെയെങ്കിലും തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവധി ദിവസങ്ങളിലും കോളേജ് പ്രവര്‍ത്തി സമയത്തിന് ശേഷവും സ്പെഷ്യല്‍ ക്ലാസിന്റെ പ്രളയമാണ് വിദ്യാര്‍ത്ഥികള്‍ക്ക്. പൊള്ളിയടരുന്ന ചൂടില്‍ യൂണിവേഴ്സിറ്റി നല്‍കിയ പരീക്ഷ ചൂട് വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തി കഴിഞ്ഞു. പരാതിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനെയടക്കം വിദ്യാര്‍ത്ഥികള്‍ നേരിട്ട് കണ്ട് അവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനം വന്നിട്ടില്ല.

ഏപ്രില്‍ രണ്ടിന് മുപ്പത് പേജുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിക്കേണ്ടത്. അത് ടൈപ്പ് ചെയ്ത് ഫയല്‍ ചെയ്യുകയും വേണം. കൃത്യമായ റിസര്‍ച്ച് നടത്തി മാത്രം എഴുതേണ്ട പ്രോജറ്റും, പരീക്ഷയും, സ്പെഷ്യല്‍ ക്ലാസുകളുമെല്ലാം കുട്ടികള്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ധം ചെറുതല്ല. മതിയായ ദിവസങ്ങളോ ശിക്ഷണമോ ലഭിക്കാതെ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികള്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top