Advertisement

മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയംവെച്ച് ജനങ്ങളെ രക്ഷിച്ചവര്‍; ശശി തരൂരിന്റെ ട്വീറ്റ് അപമാനമാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് സി ദിവാകരന്‍

March 30, 2019
Google News 2 minutes Read

മത്സ്യത്തൊഴിലാളികളെ പറ്റിയുള്ള ശശി തരൂരിന്റെ വിവാദ ട്വീറ്റ് അപമാനമാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ച് ജനങ്ങളെ രക്ഷിച്ചവരാണ്. അവരെയാണ് തരൂര്‍ അപമാനിച്ചിരിക്കുന്നതെന്നും ദിവാകരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഇടതുപക്ഷ തരംഗമാണുള്ളത്. നൂറു ശതമാനം വിജയമുണ്ടാകുമെന്നും സി ദിവാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ വിവിധയിടങ്ങളിലുള്ള മത്സ്യമാര്‍ക്കറ്റ് ശശി തരൂര്‍ സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ കുറിപ്പാണ് വിവാദമായത്.  ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!’ എന്നായിരുന്നു ശശി തരൂര്‍ നല്‍കിയ തലവാചകം. ഇതില്‍ ‘squeamishly’ എന്ന വാക്കാണ് വിവാദത്തിനിടയാക്കിയത്. സ്‌ക്വീമിഷ് എന്നാല്‍ മനംമറിക്കുന്ന എന്നാണ് അര്‍ത്ഥം വരുന്നത്. ഇതാണ് വിവാദത്തിനിടയാക്കിയത്.

Read more:‘സ്‌ക്വീമിഷ്‌ലി’യുടെ അര്‍ത്ഥം ഓക്കാനം എന്നല്ല; ട്വീറ്റ് വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍

മീന്‍ മണം ഓക്കാനമുണ്ടാക്കുന്നുവെന്ന് പറയുന്നതിലൂടെ മുക്കുവ വിഭാഗത്തെ അപമാനിക്കുകയാണ് ശശി തരൂര്‍ ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നു. ശശി തരൂരിന്റെ സവര്‍ണബോധമാണ് മുക്കുവരെ അവജ്ഞയോടെ കാണാന്‍ ഇടയാക്കിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. സംഭവം തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരായ വികാരം ഉയര്‍ത്തുമെന്ന് പറഞ്ഞവരുമുണ്ട്. ശശി തരൂരിന്റെ ട്വീറ്റ് സംബന്ധിച്ച് റൂബിന്‍ ഡിസൂസ എന്നയാള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ചയ്ക്കിടയാക്കിയത്.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് ഇടതുപക്ഷം ഇത്തരം പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നതെന്ന് ശശി തരൂര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സ്‌ക്വീമിഷ് ലി എന്ന വാക്കിന്റെ അര്‍ത്ഥം ഓക്കാനം എന്നല്ല. സത്യസന്ധമായി എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. തന്റെ ഇംഗ്ലീഷ് മനസിലാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ശശി തരൂര്‍ വിശദീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here