വയനാട് സ്ഥാനാര്‍ത്ഥിത്വം; അന്തിമ തീരുമാനം അമിത് ഷായുടേതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം അമിത് ഷായുടേതെന്ന് ബിഡിജെഎസ്. സംസ്ഥാന അധ്യക്ഷനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. ഇതുവരെ താന്‍ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും ഇതില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപി. ദേശീയ അധ്യക്ഷനാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടില്‍ നിലവിലെ സാഹചര്യത്തില്‍ അമിത് ഷായുമായി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ തീരുമാനം ബിജെപി. ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more: വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മത്സരിച്ചേക്കും; അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു
ബിഡിജെഎസിന് നല്‍കിയ വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണ്. വയനാടിന്റെ കാര്യത്തില്‍ എന്തു തീരുമാനവുമെടുക്കാനുള്ള സ്വാതന്ത്ര്യം അമിത് ഷായ്ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. നിലവില്‍ വയനാട്ടില്‍ പ്രഖ്യാപിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് രാഹുല്‍ ഗാന്ധിയുമായി പോരാടാനാകില്ല. സ്ഥാനാര്‍ഥിത്വത്തില്‍ മാറ്റമുണ്ടാകുമെന്നും വയനാട്ടില്‍ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണ് ബിഡിജെഎസെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ഫോണില്‍ സംസാരിച്ചതായി ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷും ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി വി ബാബുവും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here