തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. കാര്‍ഗോ കോംപ്ലക്‌സിനു പിന്നില്‍ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ പൊലീസിന് കൈമാറി.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡ്രോണിന്റെ റിമോര്‍ട്ട് നൗഷാദില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വിദേശത്തുള്ള ബന്ധു നല്‍കിയതാണ് ഡ്രോണെന്ന് നൗഷാദ് പൊലീസിനോട് വ്യക്തമാക്കി. വിമാനത്താവളത്തിന് സമീപത്തുവെച്ച് നേരത്തെയും ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.

നിയന്ത്രണം വിട്ട ഡ്രോണ്‍ നിലത്തു വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കോവളത്തും, വിഎസ്എസ്‌സിയിലും കണ്ട അഞ്ജാത ഡ്രോണ്‍ ഇതാവാമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ കൊച്ചു വേളി, കോവളം തീരപ്രദേശങ്ങളിലായി ഡ്രോണ്‍ പറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ പറക്കുന്നതായി കണ്ടത്. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top