ആഗോള താപനത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിക്കു വേണ്ടി ഭൗമമണിക്കൂർ ആചരിച്ച് യുഎഇ

ആഗോള താപനത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിക്കു വേണ്ടി യുഎഇ ഇത്തവണയും ഒരു മണിക്കൂർ മിഴിയടച്ചു. രാത്രി 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ചാണ് യുഎഇയും രാജ്യാന്തര ഭൗമമണിക്കൂർ ആചരണത്തിൽ പങ്കാളിയായത്.
രാജ്യത്തെ സ്വദേശികളും വിദേശികളും സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും എർത്ത്അവർ ആചരണത്തിൽ പങ്കെടുത്തു. വിവിധ എമിറേറ്റുകളിലെ ജല വൈദ്യുതി അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ആഗോളതാപനം കുറയ്ക്കാനും പ്രകൃതിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും 188 രാജ്യങ്ങളോടൊപ്പം കൈകോർക്കുകയായിരുന്നു യുഎഇ. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ആഡംബര ഹോട്ടലായ എമിറേറ്റ്സ് പാലസ് തുടങ്ങി രാജ്യത്തുടനീളമുള്ള പ്രമുഖ കെട്ടിടങ്ങൾ വിളക്കണച്ച് ഭൗമമണിക്കൂർ ആചരണത്തിന്റെ ഭാഗമായി. അബുദാബിയിൽ എത്തിസാലാത്ത്, അഡ്നോക് ആസ്ഥാനം, യാസ് മാൾ, വേൾഡ് ട്രേഡ് സെന്റർ മാൾ, അൽവഹ്ദ മാൾ, സെന്റ് റെഗിസ് ഹോട്ടൽ, റൊട്ടാന ഹോട്ടൽസ്, ഹിൽട്ടൺ, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി, അബുദാബി സെയ്‌ലിങ് ആൻഡ് യോട്ട് ക്ലബ്, ഗോൾഫ് ക്ലബ്, അൽവഹ്ദ മാൾ തുടങ്ങയവയ്ക്കു പുറമേ പകുതിയോളം തെരുവു വിളക്കുകൾ അണച്ച് നഗരസഭയും എർത്ത് അവറിൽ പങ്കെടുത്തു.
അത്യാവശ്യമല്ലാത്ത ലൈറ്റുകളും വൈദ്യുതോപകരണങ്ങളും അണച്ച് സ്വദേശി-വിദേശി കുടുംബങ്ങളും ഭൂമിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി മെഴുകുതിരിയാണ് അത്യാവശ്യത്തിന് ഉപയോഗിച്ചത്. പൊതുജനങ്ങളെ ബാധിക്കാത്ത വിധം ഒന്നിടവിട്ട തെരുവു വിളക്കുകൾ അണച്ച് യുഎഇയിലെ നഗരസഭകളും നല്ല സന്ദേശത്തിന്റെ ഭാഗമാകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here