വിജയരാഘവന്റെ പരാമര്‍ശം; സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍ക്ക് അതൃപ്തി

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍ക്ക് അതൃപ്തി. പക്വമായ നിലപാട് വിജയരാഘവന്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കന്മാര്‍ വ്യക്തമാക്കുന്നത്. വിജയരാഘവന്റെ പ്രസ്താവന അനവസരത്തിലാണെന്ന് പറഞ്ഞവരുമുണ്ട്. ഫെയ്‌സ്ബുക്കിലുള്‍പ്പെടെ വിജയരാഘവനെതിരെ നിലപാട് സ്വീകരിച്ച ഇടത് സഹയാത്രികരുണ്ട്.

വിജയരാഘവന്റെ പ്രതികരണം സംബന്ധിച്ച് സിപിഐഎം, സിപിഐ സെക്രട്ടറിമാരുടെ പ്രതികരണം വരാനുണ്ട്. നേതാക്കന്മാര്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ പക്വമായ പ്രതികരണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രമ്യക്കെതിരെയുള്ള പരാമര്‍ശം എല്‍ഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അതിനിടെ എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അങ്ങേയറ്റം വേദനാജനകമാണിതെന്നും വിജയരാഘവനെതിരെ നടപടിയെടുക്കുമോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജയരാഘവന്റെത് ആസൂത്രിതമായ വ്യക്തിഹത്യയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. പരാജയഭീതി കൊണ്ടാണ് ഇടതു മുന്നണി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും നവോത്ഥാന പ്രസംഗം നടന്നുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഷാഫി വ്യക്തമാക്കി.

അതേസമയം, വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പി കെ ബിജു തയ്യാറായില്ല. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ വിവാദമുണ്ടാക്കുന്നതെന്ന് പി കെ ബിജു പറഞ്ഞു. ആലത്തൂര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണെന്നും രാഷ്ട്രീയം പറഞ്ഞാണ് ആലത്തൂരിലെ തെരഞ്ഞെടുപ്പ് മുന്നോട്ടുപോകുന്നതെന്നും ബിജു പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top