തൃശൂരിൽ മത്സരിക്കുന്നത് മോദിയുടെ നിർദേശപ്രകാരമാണെന്ന് സുരേഷ് ഗോപി

നാളിതുവരെ രാജ്യസഭ എംപി യായി കേരളത്തിൽ പ്രവർത്തിച്ചതിന്റെ അംഗീകാരമായി തൃശൂരിലെ സ്ഥാനാർത്ഥിത്വത്തെ കാണുന്നുവെന്ന് സുരേഷ് ഗോപി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് സ്ഥാനാർത്ഥിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് തൃശ്ശൂരിൽ മത്സരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിലെ ഭരണനേട്ടങ്ങൾ പ്രചാരണ രംഗത്ത് ഉയർത്തിക്കാട്ടുമെന്നും മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇന്ന് രാത്രി സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയായിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ തുഷാർ വയനാട്ടിലേക്ക് മാറുകയായിരുന്നു.
ഇതേ തുടർന്നാണ് തൃശ്ശൂരിലേക്ക് ബിജെപി സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭാ എം പി യായ സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തൃശൂരിന് പുറമേ ഗുജറാത്തിലെ സൂറത്ത്, മഹേസന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയുമാണ് ബിജെപി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here