രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം, വിജയരാഘവന്റെ പരാമര്‍ശം; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനുമിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരെയുള്ള വിവാദ പരാമര്‍ശത്തെ സിപിഐഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത് ദോഷകരമായി ബാധിക്കുമെന്ന് മുന്നണിയില്‍ അഭിപ്രായമുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയ്ക്കു വരും. വയനാട്ടില്‍ കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചരണം കൂടുതല്‍ ശക്തമാക്കാനും തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ പൊതു തെരഞ്ഞെടുപ്പ് സാ ഹചര്യങ്ങളും സെക്രട്ടേറിയറ്റ് വിലയിരുത്തുമെന്നാണ് വിവരം.

അതേസമയം, വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. രാത്രി എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പോവും.

രാത്രി ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും. കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം റോഡ് ഷോ ആയി നാമനിര്‍ദേശ പത്രിക നല്‍കാന്‍ കളക്ടറേറ്റിലേക്ക് പോകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top