കാസര്‍ഗോഡിന്റെ രാഷ്ട്രീയം, അതിങ്ങനാണ്!

‘അറിഞ്ഞുചെയ്യാം വോട്ട്’- 1
നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
നല്ല ഒന്നാന്തരം രാഷ്ട്രീയ കളരി തന്നെയാണ് കാസര്‍ഗോഡ്. ഇടത്തുമാറി വലത്തുമാറി ഇടത്തേക്ക് ചരിഞ്ഞു നില്‍ക്കുന്ന അങ്കത്തട്ട്. കൂടുതല്‍ തവണയും ഇടതുപക്ഷത്തിന് അനുകൂലമായി വിധി എഴുതിയതാണ് കാസര്‍ഗോഡിന്റെ ചരിത്രം. 2019 ലോക്‌സഭാ തെരഞ്ഞടുപ്പിലേക്കുള്ള പോരാട്ടം മുറുകുമ്പോള്‍ ഒരു പക്ഷെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ പുതു ചരിത്രം കുറിക്കപ്പെട്ടേക്കാം.
പ്രളയം പോലും വെറുതെ വിട്ടതാണ് കാസര്‍ഗോഡിനെ എന്നാണ് ട്രോളന്‍മാരുടെ വാദം. കാര്യം ഒക്കെ ശരി തന്നെ. കേരളത്തിന്റെ അങ്ങേത്തലയ്ക്കലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ വെറുതെയങ്ങ് നിസാരവത്കരിക്കാന്‍ ആവില്ല. ഈ വരുന്ന ഇലക്ഷന് ശക്തമായ പോരാട്ടത്തിന് തന്നെയാണ് കാസര്‍ഗോഡ് വേദിയാകുന്നത്. കേരളത്തിലെ മൂന്ന് മുഖ്യധാര മുന്നണികളും തമ്മിലുള്ള വാശിയേറിയ പോരാട്ടം.
1957-ല്‍ കാസര്‍ഗോഡ് സ്വതന്ത്ര മണ്ഡലമായി. അന്നുതൊട്ടിന്നോളം നടന്ന പതിനഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടിലും വിജയം ഇടതുപക്ഷത്തിനൊപ്പം. എകെ ഗോപാലനില്‍ തുടങ്ങുന്നു കാസര്‍ഗോഡിന്റെ ഇടതുപക്ഷ ചരിത്രം. 57 മുതല്‍ 1967 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും എകെ ഗോപാലന്‍ തന്നെ വിജയിച്ചു. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ ഇടത്തുപക്ഷത്തിന് അനുകൂലമായിരുന്നില്ലെങ്കിലും 1980 -ല്‍ രാമണ്ണ റായ് ലൂടെ ശക്തമായി എല്‍ഡിഎഫ് കാസര്‍ഗോഡ് വീണ്ടും പിടിച്ചെടുത്തു. 84 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇടത്തുപക്ഷത്തിന് കാസര്‍ഗോഡ് വിജയിക്കാനായില്ല. തുടര്‍ന്ന് 1989 മുതല്‍ 2014 വരെയുള്ള എട്ട് തെരഞ്ഞെടുപ്പുകളിലും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫിന്റെ പക്ഷത്ത് തന്നെയാണ്. മൂന്ന് തവണ ടി ഗോവിന്ദനിലൂടെയും പി കരുണാകരനിലൂടെയും ഇടത്തുപക്ഷം വിജയം നേടി.
2004 മുതല്‍ 2014 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും പി കരുണാകരനായിരുന്നു കാസര്‍ഗോഡിന്റെ ഇടത്തുപക്ഷ സാരഥി. വോട്ടുകളുടെ എണ്ണത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ ഏറെ ദൂരം പിന്നിലാക്കിയ ശക്തനായ നേതാവും സജീവ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനും. എന്നിട്ടും ഇത്തവണ ഇടത്തുപക്ഷത്തിനുവേണ്ടി കളത്തിലിറങ്ങുന്നത് പി കരുണാകരനല്ല എന്നത് ഒരല്പം കൗതുകകരം തന്നെ.
കെപി സതീഷ്ചന്ദ്രനാണ് എല്‍ഡിഎഫിനു വേണ്ടി ഇത്തവണ മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമാണ് സതീഷ് ചന്ദ്രന്‍. രണ്ട് തവണ തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലത്തിലെ ജനപ്രതിനിധി. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായ ആളെ തന്നെ മത്സരരംഗത്തിറക്കുമ്പോള്‍ എല്‍ഡിഎഫിന് പ്രതീക്ഷയേറെയാണ്. വികസനം തന്നെയാണ് എല്‍എഡിഎഫ് മുമ്പോട്ടുവെയ്ക്കുന്ന പ്രധാന പ്രചരണായുധം.
അതേസമയം ഇതുവരെ നടന്നിട്ടുള്ള പതിനഞ്ച് ലോക്‌സഭാ തെരെഞ്ഞെടുപ്പുകളില്‍, മൂന്ന് തവണ മാത്രമാണ് യുഡിഎഫ് കാസര്‍ഗോഡ് വിജയിച്ചത്. എങ്കിലും എടുത്തു പറയേണ്ട ഒരു രാഷ്ട്രീയ ചരിത്രമുണ്ട് കാസര്‍ഗോഡ് യുഡിഎഫിനും. 1971- ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡിന്റെ ചരിത്രമൊന്ന് മാറി. ഇകെ നായനാര്‍ക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫിന് ആദ്യ ജയം. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രായം 26. തുടര്‍ന്ന് 1977- ല്‍ നടന്ന ഇലക്ഷനിലും കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെ വിജയിച്ചു. പിന്നീട് 1984- ല്‍ രാമ റായ് ലൂടെയും കോണ്‍ഗ്രസ് വിജയം നേടി. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളെല്ലാം ഒരു തരത്തില്‍ കോണ്‍ഗ്രസിന് വിജയം കാണാത്ത പരീക്ഷണങ്ങള്‍ മാത്രമായിരുന്നു,
രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കാസര്‍ഗോഡ് മണ്ഡലത്തിലേയ്ക്കായി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി. അപ്രതീക്ഷിതമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നുണ്ടായത് തന്നെ. അക്രമരാഷ്ട്രീയം പ്രചരണായുധമാക്കി എടുത്തിരിക്കുകയാണ് യുഡിഎഫ്. അടുത്തിടെയുണ്ടായ പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനു നേരെ ഉയരുന്ന ആരോപണങ്ങള്‍ തന്നയാണ് കാസര്‍ഗോഡിന്‍റെ വജ്രായുധം. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ധിഖിലൂടെ ആകെ വോട്ടിന്റെ 38.80 ശതമാനം യുഡിഎഫ് നേടിയിരുന്നു. 39.52 ശതമാനമായിരുന്നു 2014 ല്‍ വിജയിച്ച പി കരുണാകരന്റെ വോട്ട് നില. അതായത് 6,921 വോട്ട് എന്ന കേവല ഭൂരിപക്ഷത്തില്‍ വിജയം. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ നിലയില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുമുണ്ട്.
കാസര്‍ഗോഡ് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത മുന്നണിയാണ് ബിജെപി. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ വിജയസാധ്യതയും പെട്ടെന്ന് തള്ളിക്കളയാന്‍ ആവില്ല. 2014- ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 1,72,826 വോട്ടുകള്‍ നേടി. അതയാത് ആകെ വോട്ടിന്റെ 17.74 ശതമാനം. രവിശ തന്ത്രിയേയാണ് ഇത്തവണ കാസര്‍ഗോഡ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്. കാസര്‍ഗോഡും മഞ്ചേശ്വരവും മാത്രമാണ് നിലവില്‍ യുഡിഎഫിനൊപ്പം. അതേസമയം മഞ്ചേശ്വരത്ത് 89 വോട്ടിന്റെ നേരിയ കുറവിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ചത്. ഒരു ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മഞ്ചേശ്വരം ബിജെപിയെ ഇത്തവണ കാര്യമായി തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
13,24,387 വോട്ടര്‍മാരാണ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ കീഴിലുള്ളത്. ഇവരില്‍ 63,6689 പുരുഷന്മാരും 68,7696 സ്ത്രീകളും രണ്ട് തേര്‍ഡ് ജെന്‍ഡറും ഉള്‍പ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here