രാഹുലും പ്രിയങ്കയും കേരളത്തിൽ; രാഹുൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇരുവരെയും സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. കെ സി വേണുഗോപാലും മുകുൾ വാസ്‌നികും അടക്കമുള്ള നേതാക്കളും രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാനുണ്ടായിരുന്നു.

അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾക്കു ശേഷമാണ് രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിൽ നിന്നും രാഹുലും പ്രിയങ്കയും  കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. രാത്രി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും  പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക നൽകുന്നതിനായിട്ടാണ് കേരളത്തിലെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച 11 മണിയോടെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിലെത്തുന്ന രാഹുൽ തുടർന്ന് കളക്ട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോഴിക്കോട് നിന്നും രാവിലെ റോഡ് മാർഗ്ഗം വയനാട്ടിലേക്ക് പോകണമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും സുരക്ഷാ കാരണങ്ങളാൽ  യാത്ര ഹെലികോപ്റ്ററിലാക്കാൻ എസ്പിജി  നിർദ്ദേശിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top