ഒളിമ്പിക്സ് യോഗ്യതാ മത്സരം; ഇന്ത്യൻ വനിതകൾക്ക് ജയം

2020 ടോക്യോ ഒളിമ്പിക്സിനുള്ള ഫുട്ബോൾ യോഗ്യതാ മത്സരത്തിൻ്റെ രണ്ടാം റൗണ്ടിൽ ഇന്ത്യൻ വനിതകൾക്ക് ഉജ്ജ്വല ജയം. ഇന്നലെ ഇൻഡോനേഷ്യക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ ജയം കുറിച്ചത്. മ്യാന്മറിൽ വെച്ചായിരുന്നു മത്സരം.
27, 67 മിനിട്ടുകളിൽ ഡാങ്മെയ് ഗ്രേസ് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ബോൾ പൊസിഷനിലും അറ്റാക്കിംഗിലും ഏറെ മുന്നിട്ടു നിന്ന ഇന്ത്യൻ വനിതകൾ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ശക്തരായ ടീമെന്ന വിശേഷണമുണ്ടായിരുന്ന ഇൻഡോനേഷ്യയെ തകർത്തത് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രക്ക് ഊർജ്ജം പകരും. വിജയം തുടരേണ്ടത് അത്യാവശ്യമാണെന്നും ഒരു സമയത്ത് ഒരു ടീമിനെ മാത്രമാണ് തങ്ങൾ ശ്രദ്ധിക്കുന്നതെന്നും ടീം പരിശീലക മെയ്മോൾ റോക്കി പറഞ്ഞു.
തുടർച്ചയായ അഞ്ചാം സാഫ് കപ്പ് സ്വന്തമാക്കിയ ഇന്ത്യ ഉജ്ജ്വല ഫോമിലുള്ള ഇന്ത്യ തുടക്കം മുതൽക്ക് തന്നെ ആക്രമണോത്സുക ഫുട്ബോളാണ് കാഴ്ച വെച്ചത്. ഇരു പാർശ്വങ്ങളിലൂടെ സഞ്ജുവും രതൻബാല ദേവിയും നടത്തിയ മുന്നേറ്റങ്ങൾ ഇൻഡോനേഷ്യൻ പ്രതിരോധത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു. 24ആം മിനിട്ടിൽ സഞ്ജു ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് സെൽഫ് ഗോളാവുന്നതിൽ നിന്നും കഷ്ടിച്ചാണ് ഇൻഡോനേഷ്യ രക്ഷപ്പെട്ടത്.
26ആം മിനിട്ടിൽ സന്ധ്യയുടെ സോളോ റണ്ണാണ് ഇന്ത്യയുടെ ആദ്യ ഗോളിലേക്കുള്ള തുടക്കം. സന്ധ്യയിൽ നിന്നും പന്ത് ലഭിച്ച സഞ്ജു പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളി ക്ലിയർ ചെയ്തുവെങ്കിലും അപകടമൊഴിഞ്ഞിരുന്നില്ല. തുടർന്നായിരുന്നു ഗ്രേസിൻ്റെ ക്ലോസ് റേഞ്ച് ഫിനിഷ്. രണ്ടാം പകുതിയിൽ ഇന്ത്യയുടെ ചില റോങ്ങ് റേഞ്ചറുകൾ ഗോളിയെ പരീക്ഷിച്ചുവെങ്കിലും അടുത്ത ഗോൾ വീഴാൻ 67ആം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സുസ്മിത കാമരാജിൻ്റെ ഷോട്ട് ഗോളി തട്ടിയകറ്റിയെങ്കിലും ഒരു റീബൗണ്ടിലൂടെ ഗ്രേസ് വലയിലെത്തിക്കുകയായിരുന്നു.