തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവം; പ്രതി നിതീഷ് റിമാന്‍ഡില്‍

തൃശൂര്‍ ചിയ്യാരത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി നിതീഷിനെ കോടതി ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ ഇന്നലെ രാവിലെയായിരുന്നു കൊലപാതകം നടന്നത്.

Read more: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു

കൃത്യം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വടക്കേകാട് സ്വദേശി നിതീഷിനെ ഇന്നലെ തന്നെ കൊല്ലപ്പെട്ട നീതുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ ഈ മാസം 11 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ച നീതുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top