ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സൂക്ഷിക്കും; ആശുപത്രി കിടക്കയിൽ നിന്നും ബെന്നി ബെഹനാന്റെ കുറിപ്പ്

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് ആശുപത്രി കിടക്കയിൽ നിന്നും ബെന്നി ബെഹനാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ബെന്നി ബെഹനാനെ ഇന്ന് പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഡോക്ടർമാർ ഒരാഴ്ചയോളം വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിലെ യുഡിഎഫ് ഉണർന്നിരിക്കുകയാണെന്നും ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സൂക്ഷിക്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്.

ബെന്നി ബെഹനാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയമുള്ളവരെ,

ഇന്ന് വെളുപ്പിന് 3.30 മണിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാക്കനാട് സൺ റൈസ് ഹോസ്പിറ്റലിൽ എന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു പര്യടന പരിപാടികൾ. ഇന്ന് അങ്കമാലി നിയോജക മണ്ഡലത്തിൽ ആയിരുന്നു പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരുന്നത്.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളിൽ മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ട് എന്നാൽ എന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒന്നരയാഴ്ചയോളം വിശ്രമം നിർദ്ദേശിച്ചിട്ടുള്ളതാണ്. ആദ്യഘട്ടത്തിലും, തുടർന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളിൽ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങൾ ഓരോരുത്തരോടും.

ഇന്ന് അസുഖവിവരം അന്വേഷിക്കാൻ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകൾ സൺറൈസ് ഹോസ്പിറ്റലിൽ എത്തിയിരുന്നു . ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എന്നോടെപ്പം മത്സരിക്കുന്ന സുഹൃത്ത് ശ്രീ.ഇന്നസെന്റ്, കോൺഗ്രസ്സിന്റെ സമ്മുന്നതനായ നേതാവ് വയലാർ രവി ഉൾപ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവർത്തകരും എത്തിയിരുന്നു.എല്ലാവർക്കും നന്ദി, സന്തോഷം.

എത്രയും പെട്ടെന്ന് ഞാൻ നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചാലക്കുടി ലോക്‌സഭാ UDF തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടർന്നും ഉണ്ടായിരിക്കും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിലെ യു.ഡി.എഫ് ഉണർന്നിരിക്കുകയാണ്. നാളിതുവരെ നമ്മൾ കാണാത്തൊരു ആവേശ കൊടുമുടിയിലാണ് UDF പ്രവർത്തകർ . ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സുക്ഷിക്കും. വിജയം നമ്മൾക്കൊപ്പമായിരിക്കും.

നിങ്ങളുടെ പ്രാർത്ഥനയും, അനുഗ്രഹവും എപ്പോഴും ഉണ്ടാകണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top