ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഡിജിപിയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങവെയാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21 നാണ് കോട്ടയം എസ്പി ക്ക് ലഭിച്ച പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

റിമാൻഡ് ഉൾപ്പെടെ 25 ദിവസം ജയിൽവാസം അനുഭവിച്ച ഫ്രാങ്കോ ഒക്ടോബർ 16ന് ജാമ്യത്തിലിറങ്ങി. അറസ്റ്റിനുശേഷം ഏഴ് മാസം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. കുറ്റപത്രം വൈകുന്നതിനെതിരെ കോട്ടയം എസ്.പിക്ക് നൽകിയ പരാതിയും അവഗണിച്ചതോടെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് നടപടികൾ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പോലീസ് തലപ്പത്ത് തീരുമാനമായത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി നാളുകൾ കഴിഞ്ഞാണ് കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. പിന്നെയും മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം ഇപ്പോൾ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top