അഭയാർഥിയായി ഇംഗ്ലണ്ടിലെത്തിയ കറുത്ത വർഗക്കാരി; ഇന്ന് തട്ടമണിഞ്ഞ് പുരുഷ ഫുട്ബോൾ നിയന്ത്രിക്കുന്നു: നാടോടിക്കഥ പോലെ ജവാഹിറിന്റെ ജീവിതം

ജവാഹിർ റോബിളിൻ്റെ ജീവിതം ഒരു അത്ഭുതമാണ്. സൊമാലിയയിലെ കറുത്ത വർഗക്കാരിയായ മുസ്ലിം പെൺകുട്ടി അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്കെത്തുന്നതു വരെ അവൾ പലരിൽ പെട്ട ഒരാൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഇംഗ്ലണ്ടിൽ പുരുഷന്മാരുടെ കാല്പന്തു കളി നിയന്ത്രിക്കാൻ തട്ടമണിഞ്ഞ് ജവാഹിർ എന്ന ജെജെ നിൽക്കുമ്പോൾ ആ കൂട്ടത്തിൽ നിന്ന് അവൾ എങ്ങനെ പുറത്തു കടന്നു എന്നത് ഒരു നാടോടിക്കഥ പോലെ നമ്മളെ അമ്പരപ്പിക്കുകയാണ്.
പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, കറുത്ത വർഗക്കാരിയായ ഒരു മുസ്ലിം വനിത തട്ടമണിഞ്ഞ് പുരുഷന്മാരുടെ ഫുട്ബോൾ മത്സരം നിയന്ത്രിക്കണമെങ്കിൽ എന്തൊക്കെ കടമ്പകൾ കടക്കേണ്ടതുണ്ട്? ആ കടമ്പകൾ വിജയകരമായി കടന്നാണ് ജെജെ കാല്പന്ത് മൈതാനത്ത് കളി നിയന്ത്രിക്കുന്നത്.
സൊമാലിയയിലാണ് ജെജെ ജനിച്ചത്. അരക്ഷിതാവസ്ഥ മുറ്റി നിൽക്കുന്ന സൊമാലിയയുടെ തെരുവുകളിൽ ബാലന്മാരോടൊപ്പം പന്തിനു പുറകെയോടിയ കുഞ്ഞ് ജെജെ കാല്പന്തിലൂടെ ലോകം കണ്ടു. എന്നാൽ ആഭ്യന്തര കലാപത്തിൻ്റെ പൊള്ളൽ അവളുടെ ബാല്യം കവർന്നു. കയ്യിൽ കിട്ടിയ ജീവനും മുറുകെ പിടിച്ച്, പ്രിയപ്പെട്ടതെല്ലാം അവിടെ ഉപേക്ഷിച്ച് ആ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറി. അവിടെ നിന്നാണ് അവൾ തൻ്റെ ജീവിതത്തിൻ്റെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത്. കാല്പന്തിൻ്റെ കാല്പനികത പേറുന്ന വെംബ്ലിയുടെ മേൽക്കൂരയ്ക്ക് കീഴെയാണ് അവർ ഇംഗ്ലണ്ടിലെ ജീവിതം ആരംഭിച്ചതെന്നത് ജെജെയുടെ സ്വപ്നങ്ങൾക്ക് ലഭിച്ച വലിയ ഊർജ്ജമായിരുന്നു. ജെജെയുടെ ഫുട്ബോൾ കളിക്ക് മാതാപിതാക്കൾ എതിരായിരുന്നു. ഒരു പെൺകുട്ടി ആയതു കൊണ്ട് തന്നെ പന്ത് കളിക്കാൻ പാടില്ല എന്നും ഓടി നടക്കാൻ പാടില്ല എന്നുമുള്ള വിലക്കുകൾ നിലനിന്നിരുന്നു. എന്നാൽ അത്തരം വിലക്കുകൾ കൊണ്ട് നുള്ളിക്കളയാവുന്നതായിരുന്നില്ല അവരുടെ കാല്പന്ത് പ്രണയം. അവൾ മാതാപിതാക്കളറിയാതെ പന്ത് കളിച്ചു. അവരറിയാതെ ബൂട്ടുകൾ ഒളിപ്പിച്ചു വെച്ചു.
ഏറെ നാൾ ഈ ഒളിച്ചു കളി തുടരാൻ ജെജെക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അവൾ ആ ബോംബ് പൊട്ടിച്ചു. “ഒരു ഫുട്ബോൾ റഫറി ആവാനാണ് എനിക്ക് താത്പര്യം. കാല്പന്ത് കളി വളരെ ഗൗരവമായാണ് ഞാൻ കാണുന്നത്. പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല മാതാപിതാക്കളുടേത്. ശരി. നിനക്ക് അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളൂ എന്ന അവരുടെ മറുപടിയിൽ ജെജെ എന്ന റഫറിയുടെ യാത്ര അതിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. അവളുടെ കാല്പന്തിനോടുള്ള അദമ്യമായ സ്നേഹം അവരും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
ഒരു സ്ത്രീക്ക് പുരുഷന്മാരുടെ ഫുട്ബോൾ കളി നിയന്ത്രിക്കാൻ സാധിക്കുമോ എന്ന് സംശയിച്ചവർക്ക് അവൾ മറുപടി നൽകിയത് അവരോടൊപ്പം പന്ത് തട്ടിയാണ്. ആദ്യമായി പുരുഷ ഫുട്ബോൾ നിയന്ത്രിക്കാനിറങ്ങുമ്പോൾ ചില കളിക്കാരുടെ മുഖത്തുണ്ടായിരുന്ന അത്ഭുതവും ഞെട്ടലും അവൾക്ക് ലഭിച്ച അംഗീകാരമായിരുന്നു.
ഇവിടം കൊണ്ട് നിർത്താനൊന്നും ജെജെക്ക് മനസ്സില്ല. വിമൻസ് വേൾഡ് ലീഗിൽ കളി നിയന്ത്രിക്കണമെന്നാണ് അവളുടെ ആഗ്രഹം. തട്ടമണിഞ്ഞ, കറുത്ത വർഗക്കാരിയായ ഒരു സൊമാലിയൻ അഭയാർത്ഥി വിമൻസ് വേൾഡ് ലീഗിൽ കളി നിയന്ത്രിക്കുന്നത് സമീപ ഭാവിയിൽ തന്നെ കാണാമെന്നാണ് ജെജെ പറയുന്നത്.