വിദേശ ക്ലബുകളോട് ‘നോ’; സഹൽ ബ്ലാസ്റ്റേഴ്സിൽ തന്നെ

ഈ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ കണ്ടെത്തലായ സഹൽ അബ്ദുൽ സമദുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കി. മൂന്നു വർഷത്തെ കരാറിലാണ് ക്ലബ് സഹലുമായി ഒപ്പു വെച്ചതെന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ ചില വമ്പൻ ക്ലബുകൾ വൻ തുക ഓഫർ ചെയ്തിരുന്നുവെങ്കിലും അത് നിരസിച്ചാണ് സഹൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ സീനിയർ താരങ്ങൾക്കു ലഭിക്കുന്ന ഉയർന്ന തുകയാണ് ഈ 18ആം നമ്പറുകാരന് ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട സഹൽ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു. സഹലിനൊപ്പം ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം പുറത്തെടുത്ത യുവ ഗോൾ കീപ്പർ ധീരജ് സിംഗ് ടീം വിടും എന്ന വാർത്തകൾ വന്നു കൊണ്ടിരിക്കവെയാണ് സഹൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന റിപ്പോർട്ടുകൾ.
കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് യുഎഇയിൽ നിന്നാണ് കാല്പന്ത് കളി പഠിച്ചത്. ഹയർ സെക്കണ്ടറി വരെയുള്ള യുഎഇ ജീവിതത്തിനിടയിൽ അൽഐൻ എത്തിഹാദ് അക്കാദമിയിലും ജി 7 അൽഐനിലുമായി പന്ത് തട്ടിപ്പഠിച്ച സഹൽ കോളേജ് പഠനത്തിനായി കേരളത്തിലെത്തി. പയ്യന്നൂർ കോളേജ് ടീമിൽ ഇടം നേടിയ സഹൽ കണ്ണൂർ സർവകലാശാല ടീമിലെത്തുകയും അതു വഴി 2017 സന്തോഷ് ട്രോഫി ടീമിലെത്തുകയും ചെയ്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ഗംഭീര പ്രകടനം പുറത്തെടുത്ത സഹൽ താമസിയാതെ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ ഇടം പിടിച്ചു. സെക്കൻഡ് ഡിവിഷൻ ലീഗിൽ 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകൾ നേടി. സെക്കൻഡ് ഡിവിഷനിലെ മികച്ച പ്രകടനം സഹലിനെ സീനിയർ ടീമിലെത്തിച്ചു. കഴിഞ്ഞ വർഷത്തെ ഐഎസ്എല്ലിൽ സൂപ്പർ താരം ദിമിത്രി ബെർബറ്റോവിനു പകരക്കാരനായി ടീമിലെത്തിയ സഹൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബൂട്ടു കെട്ടിയതെങ്കിലും ഈ സീസണിൽ ടീമിലെ സ്ഥിര സാന്നിധ്യമായി. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സഹൽ ഒരു ഗോളും നേടി.
ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളുടെ ബലത്തിൽ സഹൽ ഇന്ത്യ അണ്ടർ 23 ടീമിലും ഇടം പിടിച്ചു. ഇതു വരെ മൂന്ന് അണ്ടർ 23 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ സഹൽ അവിടെയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ജർമ്മൻ ഇതിഹാസം മെസ്യൂട്ട് ഓസിലിനെ ഓർമിപ്പിക്കുന്ന കേളീ ശൈലിയുടെ ഉടമയായ സഹൽ ഇന്ത്യൻ ഓസിലെന്നാണ് അറിയപ്പെടുന്നത്. ഡിഫൻഡർമാർക്കിടയിലൂടെ അളന്നു മുറിച്ച ത്രൂ ബോളുകൾ നൽകാനുള്ള സഹലിൻ്റെ കഴിവാണ് ഓസിലുമായുള്ള താരതമ്യത്തിനു കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here