Advertisement

ഇനിയും ചുരുളഴിയാതെ ഹാഷിം-ഹബീബ തിരോധാനം; കാണാതായിട്ട് രണ്ടു വർഷം

April 6, 2019
Google News 0 minutes Read

ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷീമിനെയും(42) ഭാര്യ ഹബീബ(37)യെയും കാണാതായിട്ട് ഇന്ന് 2 വർഷം തികയുന്നു. 2017 ഏപ്രിൽ 6നാണ് ഇരുവരെയും കാണാതായത്. ഇതുവരെ ഇരുവരുടെയും തിരോധാനത്തിൽ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. രാജ്യം മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഇനിയും ദുരൂഹതയായി തുടരുകയാണ് ഈ ദമ്പതിമാരുടെ തിരോധാനം.

ഹർത്താൽ ദിനത്തിൽ രാത്രിയാണ് ഇരുവരും ഭക്ഷണം വാങ്ങാനാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത്. മൊബൈൽ ഫോൺ, പഴ്സ്, എടിഎം കാർഡ്, ലൈസൻസ് എന്നീ രേഖകളൊന്നും എടുത്തിരുന്നില്ല. കാണാതായതിന്റെ അടുത്ത ദിവസം വീട്ടുകാർ കുമരകം പൊലീസിൽ പരാതി നൽകി. പൊലീസ് വിവിധ തലങ്ങളിൽ അന്വേഷണം നടത്തി പരാജപ്പെട്ടതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുവെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവർ പോകാൻ സാധ്യതയുള്ള വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിെയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ശേഷം കാര്‍ വെള്ളത്തില്‍ മുങ്ങിയതാണെന്ന സംശയത്തില്‍ സമീപത്തെ പുഴ, തോടുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നതിനിടെ ദമ്പതികളെ രാജസ്ഥാനിലെ അജ്മീറില്‍ കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു. ഹബീബയെന്നു സംശയം തോന്നിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എന്നാല്‍, പോലീസ് ഒരാഴ്ച അജ്മീറില്‍ താമസിച്ചു പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇല്ലിക്കൽ പാലം കടന്നു ഹാഷീമും ഹബീബയും സഞ്ചരിച്ചിരുന്ന കാർ കടന്നുപോകുന്നതു മാത്രമാണ് പൊലീസിന് ആകെ ലഭിച്ച വിവരം. കാണാതായതിന്റെ തലേന്നു ഹാഷിം ഒറ്റയ്ക്ക് പീരുമേട്ടില്‍ എത്തിയതായും മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചില സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നു പരാതിയുണ്ട്. വാങ്ങി രണ്ടുമാസമായിട്ടും പുതിയകാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതും ഫോണും പണവും മറ്റ് രേഖകളും എടുക്കാതെ യാത്രയ്ക്ക് പുറപ്പെട്ടതും ദൂരൂഹമായി തുടരുന്നു. കാണാതാകുന്നതിനു ഒരു മാസം മുൻപു വാങ്ങിയ കാറിലാണ് ഇരുവരും പോയത്.

ഇരുവരെയും കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ഹാഷിമിെന്റ പിതാവ് അബ്ദുല്‍ഖാദര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണനയിലാണ്. എന്നാൽ കേസ് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമാണ് ക്രൈം ബ്രാഞ്ച് മുന്നോട്ടു വെച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here