രാഹുൽ പ്രധാനമന്ത്രി ആകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്ന് മേനക ഗാന്ധി

കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ജനങ്ങളുടെ പിന്തുണയില്ല. അവർക്ക് രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും മേനക ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി അമേത്തിയിലും വയനാട്ടിലും മത്സരിക്കുന്നതിനെ അവർ ന്യായീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് രണ്ടോ അതിലധികമോ സീറ്റിൽ മത്സരിക്കാമെന്ന് മേനക പറഞ്ഞു. താൻ സുൽത്താൻപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൻ്റെ ഭർത്താവ് സഞ്ജയ് ഗാന്ധി രണ്ടു വട്ടവും വരുൺ ഗാന്ധി ഒരു വട്ടവും സുൽത്താൻപൂരിൽ നിന്ന് ജയിച്ചുവെന്നും ഇക്കൊല്ലം താൻ ജയിക്കുമെന്നും അവർ പറഞ്ഞു. എസ്പി ബിഎസ്പി സഖ്യത്തെ പേടിയില്ലെന്നും അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മേനക പറഞ്ഞു.
റോബർട്ട് വദ്രക്കെതിരെ ഉണ്ടായ അഴിമതി ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അതു കൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ തങ്ങൾക്ക് ഇത്തവണ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here