ഇന്ന് വാർണർ-ബുംറ പോരാട്ടം; മുംബൈ വിയർക്കും

ഇന്ന് ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. ഉജ്ജ്വല ഫോമിലുള്ള സൺ റൈസേഴ്സ് ഓപ്പണർമാരും മുംബൈ ഇന്ത്യൻസിൻ്റെ ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരം. മാരക ഫോമിലുള്ള ഇരുവരെയും എത്ര വേഗം പുറത്താക്കുന്നു എന്നതിനനുസരിച്ചാവും കളി ഫലം നിർണ്ണയിക്കപ്പെടുക.

ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളും ഒരു അർദ്ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയ ഓസീസ്-ഇംഗ്ലീഷ് ഓപ്പണിംഗ് ജോഡി ആകെ ടീം സ്കോറിൻ്റെ 68.5 ശതമാനമാണ് ഇതുവരെ അടിച്ചു കൂട്ടിയത്. ആകെ 510 റൺസുകൾ അടിച്ചു കൂട്ടിയ ഇരുവരും ഓരോ സെഞ്ചുറി വീതം അടിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ രണ്ടു തവണ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോഴും മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ റാഷിദ് ഖാനും മുംബൈ നിരയ്ക്ക് ഭീഷണിയാണ്. കഴിഞ്ഞ വർഷം ആകെ എറിഞ്ഞ 8 ഓവറുകളിൽ നിന്ന് വെറും 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ സൺ റൈസേഴ്സിൻ്റെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് കൂടുതൽ ശക്തമാക്കുന്നു. നാല് കളികളിൽ മൂന്ന് ജയവുമായി പോയിൻ്റ് ടേബിളിൽ ഒന്നാമതാണ് സൺ റൈസേഴ്സ്.

പരിക്ക് മാറിയെത്തുന്ന കെയിൻ വില്ല്യംസണെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. ഓപ്പണർമാരും ബാക്കിയുള്ള രണ്ട് വിദേശ കളിക്കാരും ഉജ്ജ്വല ഫോമിലാണെന്നത് കൊണ്ടു തന്നെ വില്ല്യംസൺ പുറത്തിരിക്കേണ്ടി വരും.

മറുവശത്ത് ഒരു ക്ലിനിക്കൽ പെർഫോമൻസിലൂടെ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ പിടിച്ചു കെട്ടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മയുടെ മോശം ഫോം ഒരു തലവേദനയാണെങ്കിലും സൂര്യകുമാർ യാദവിൻ്റെ ഉജ്ജ്വല ഫോം മുംബൈ ബാറ്റിംഗ് നിരയ്ക്ക് കരുത്തു പകരുന്നു. ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് തുടർച്ചയായി ലഭിക്കുന്നത് മുംബൈക്ക് ലഭിക്കുന്ന മറ്റൊരു പ്ലസ് പോയിൻ്റാണ്. തൻ്റേതായ ദിനത്തിൽ ഏത് ബൗളറെയും അതിർത്തി കടത്താനും തീരെ മോശമല്ലാത്ത നാലോവറുകൾ ടീമിനു സമ്മാനിക്കാനും കഴിവുള്ള പാണ്ഡ്യ ഈ സീസണിൽ തൻ്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. കൃണാൽ പാണ്ഡ്യയോടൊപ്പം ഫോമിലേക്കെത്തിയ വെറ്ററൻ പ്ലെയർ കീറോൺ പൊള്ളാർഡും മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് ബാലൻസ് നൽകുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റിൽ പങ്കെടുക്കാനായി മടങ്ങിയ ലസിത് മലിംഗയുടെ അഭാവത്തിലും മുംബൈക്കുള്ളത് മികച്ച ബൗളിംഗ് നിരയാണ്. മലിംഗയ്ക്ക് പകരം മിച്ചൽ മക്ലാനഗനും ഫോം മങ്ങിയ യുവരാജിനു പകരം ഇഷാൻ കിഷനും ടീമിലിടം നേടാനാണ് സാധ്യത.

രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ചുറികൾ പിറന്ന ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top