ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവന് വീണ്ടും പൊലീസിന്റെ നോട്ടീസ്

ഒളിക്യാമറ കോഴയാരോപണ വിവാദത്തില്‍ യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി നല്‍കാന്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൂതന്‍ വഴിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ആറു മണിക്ക് മുന്‍പായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദ് രാഘവന് നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി രാഘവന്‍ ഇന്നലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ പ്രത്യേക ചോദ്യാവലി തയ്യാറാക്കി രാഘവനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചത്. അപ്പോഴും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി രാഘവന്‍ മൊഴിയെടുക്കലില്‍ നിന്നും വിട്ടു നിന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. എത്രയും വേഗം ഹാജരായി മൊഴി നല്‍കിയില്ലെങ്കില്‍, വിഷയത്തില്‍ താങ്കള്‍ക്ക് ഒന്നും പറയാനില്ലെന്ന നിലപാടില്‍ പൊലീസ് എത്തുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
Read more:തനിക്കെതിരെ സിപിഐഎമ്മിന്റെ ഗൂഢാലോചന; കോഴയാരോപണത്തില്‍ പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍
എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. അതേസമയം, തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here