മദ്യ ലഹരിയിൽ ടിപ്പർ ഓടിക്കാൻ കൊതി; അവസാനിച്ചത് മൂന്ന് വാഹനങ്ങൾ ഇടിച്ചിട്ട ശേഷം

ടിപ്പർ ‍ലോറി ഓടിക്കാൻ തോന്നിയ ആഗ്രഹം അവസാനിച്ചത് 3 വാഹനങ്ങൾ ഇടിച്ചിട്ടശേഷം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം കവലയിൽ ഇന്നലെ വൈകുന്നേരമാണ് ടിപ്പർ ‍ലോറി അപകടം വിതച്ചത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് റോഡിൽ കൂട്ടയിടി നടത്തിയത്.

മദ്യപിച്ചെത്തിയ 3 അംഗ സംഘമാണ് ടിപ്പർ ‍ലോറി ഓടിച്ച് നാശം വിതച്ചത്. മൂവരും കൂടി പൂഞ്ഞാർ പനച്ചികപ്പാറയിലെത്തിയപ്പോഴാണ് സംഘാംഗമായ പനച്ചികപ്പാറ സ്വദേശി പ്രസാദ് വാഹനം ഓടിക്കാനുള്ള ആഗ്രഹം അറിയിച്ചത്. മദ്യ ലഹരിയിൽ വളയം പിടിച്ചതോടെ വാഹനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ടാങ്ക് കയറ്റിയ മിനി ലോറിയിലും റബർ പാൽ വീപ്പകൾ കയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ച ടിപ്പർ ഒരു കാറിന്റെ പിന്നിലും ഇടിച്ചു.

പൂഞ്ഞാറിൽ നിന്ന് വന്ന ടിപ്പർ പള്ളിക്ക് സമീപം മറ്റൊരു വാഹനത്തിലും ഇടിക്കാനൊരുങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് അപകടമൊഴിവായി. കാറിന്റെ പിൻഭാഗം സാരമായി തകർന്നപ്പോൾ മറ്റ് 2 വാഹനങ്ങളുടെ ടയറുകളിലാണ് വാഹനം ഇടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുവച്ചു. ഈരാറ്റുപേട്ട പൊലീസെത്തി ടിപ്പർ ലോറിയിലുണ്ടായിരുന്ന 3 പേരെയും കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top