നിമിഷ സജയന്റെ പുതിയ ചിത്രം ‘സ്റ്റാൻഡ് അപ്പ്’; സംവിധാനം വിധു വിൻസന്റ്

നിമിഷ സജയൻ നായികയാവുന്ന പുതിയ ചിത്രം ‘സ്റ്റാൻഡ് അപ്പി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായിക വിധു വിൻസൻ്റ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. വിധുവിൻ്റെ രണ്ടാമത്തെ സിനിമയാണ് സ്റ്റാൻഡ് അപ്പ്. നിമിഷ ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ്റെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

തൻ്റെ ആദ്യ ചിത്രമായ മാൻഹോളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായികയാണ് വിധു വിൻസൻ്റ്. 2016ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം മാൻഹോളിലൂടെ വിധുവിന് ലഭിച്ചിരുന്നു. മാൻഹോളുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജീവിതം സംസാരിച്ച സിനിമ 21ആമത് കേരള സംസ്ഥാന ചലച്ചിത്രോത്സവത്തിൻ്റെ മത്സര വിഭാഗത്തിൽ ഇടം നേടി. ഐഎഫ്എഫ്കെയിൽ സിനിമ പ്രദർശിപ്പിക്കപ്പെടുന്ന മലയാളിയായ ആദ്യ സംവിധായിക എന്ന നേട്ടവും ഇതോടെ വിധുവിന് ലഭിച്ചിരുന്നു. മികച്ച പുതുമുഖ സംവിധായിക അടക്കം രണ്ട് പുരസ്കാരങ്ങൾ ചലച്ചിത്ര മേളയിൽ നിന്ന് മാൻഹോൾ കരസ്ഥമാക്കിയിരുന്നു. രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമ ഒരുപിടി പുരസ്കാരങ്ങളും കരസ്ഥമാക്കിയിരുന്നു.

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ നായിക വേഷങ്ങളിൽ അഭിനയം തുടങ്ങിയ നിമിഷ മൂന്ന് പുരസ്കാരങളാണ് സ്വന്തമാക്കിയത്. തുടർന്ന് ഈട, മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചു. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ കരസ്ഥമാക്കി. സനൽ കുമാർ സംവിധാനം ചെയ്യുന്ന ചോല, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ചിത്രങ്ങളാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top